Breaking NewsCrimeLead NewsNEWS

വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; ജന്മദിനം ആഘോഷിക്കാന്‍ പോയ യുവാവ് കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി: വാഹനമിടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഫരീദാബാദ് സ്വദേശിയായ വികാസ് ആണ് മരിച്ചത്. ഗാസിപുരില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ജന്മദിനം ആഘോഷിക്കുന്നതിനായി സുഹൃത്തായ സുമിത്തിനൊപ്പം പുറത്തുപോയതായിരുന്നു വികാസ്. ഇതിനിടെ ഇരുവരും ഉണ്ടായിരുന്ന കാറില്‍ ഒരു ഇരുചക്രവാഹനം ഇടിച്ചു. ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ വികാസ് പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് വികാസും വാഹനയാത്രികനായ ആളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

Signature-ad

വാക്കുതര്‍ക്കം മുറുകിയതോടെ ഇരുചക്ര വാഹനയാത്രികന്‍ തന്റെ സുഹൃത്തുകളെ വിളിച്ചുവരുത്തി. പ്രദേശത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിനിടെയാണ് വികാസിന് കത്തികൊണ്ട് നിരവധി തവണ കുത്തേറ്റത്. കൃത്യത്തിനുശേഷം സംഘം കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുമിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നോയിഡയിലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിനോക്കിയിരുന്ന വികാസിന്റെ കല്ല്യാണം അടുത്തിടെ നിശ്ചയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: