Breaking NewsLead NewsWorld

‘വ്യാപാരകരാര്‍ ഉടന്‍ അന്തിമരൂപമാകില്ല, ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരും’; ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെങ്കിലും നികുതി 25 ശതമാനം അടയ്ക്കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കുമേല്‍ 20-25 ശതമാനം തീരുവ ചുമത്തുമോ എന്ന ചോദ്യത്തിന്, അതേ താന്‍ അങ്ങനെയാണ് കരുതുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.

ഇന്ത്യ-യുഎസ് വ്യാപാരകരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും ഇനിയും അന്തിമരൂപത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അവസരം ലഭ്യമാക്കാനുള്ള ശ്രമമാണ് ട്രംപിനുള്ളത്. മറ്റ് വ്യാപാര കരാറുകളുടെ സമയത്തും സമാനമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.

Signature-ad

അതേസമയം ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോകുകയാണെന്ന് വാണിജ്യമന്ത്രി പിയൂഷ്ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കാര്‍ഷിക, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് ഇന്ത്യഅമേരിക്ക വ്യാപാരചര്‍ച്ചകളില്‍ പ്രധാനതടസം. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികള്‍ പൂര്‍ണമായും തുറന്നുകൊടുക്കണമെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പ്രതികൂലമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്.

ചര്‍ച്ചകളുടെ ഭാഗമായി അമേരിക്കന്‍ പ്രതിനിധി സംഘം ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും. അഞ്ചാം റൗണ്ട് ചര്‍ച്ച കഴിഞ്ഞയാഴ്ച്ച പൂര്‍ത്തിയാക്കിയിരുന്നു. കരാറിന്റെ ആദ്യഘട്ടം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യാഥാര്‍ഥ്യമായേക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരകരാര്‍ ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Back to top button
error: