മദര്‍തെരേസയെയും കയ്യാമംവച്ചേനെ; കന്യാസ്ത്രീകളെ പോലീസിന് മുന്നിലിട്ട് മര്‍ദിച്ചു, അപമാനിച്ചു; ജയിലില്‍ സന്ദര്‍ശിച്ച് ഇടത് സംഘം

റായ്പുര്‍: ഛത്തീസ്ഗഢില്‍ റിമാന്‍ഡിലായ മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ ദുര്‍ഗ് ജില്ലാ ജയിലിലെത്തിയാണ് ഇടത് നേതാക്കള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത്. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ, എം.പി.മാരായ ജോസ് കെ. മാണി, പി.പി. സുനീര്‍, എ.എ. റഹീം, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഇടത് സംഘത്തിലുണ്ടായിരുന്നത്.
ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ പൂര്‍ണമായും നിരപരാധികളാണെന്നും അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണമെന്നും കന്യാസ്ത്രീകളെ സന്ദര്‍ശിച്ചശേഷം വൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ രണ്ടുപേരും ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. അവരുടെ ആരോഗ്യം മോശമായി. ജയിലില്‍ തറയില്‍ കിടന്നുറങ്ങേണ്ടിവന്നു. അവര്‍ നിരപരാധികളാണ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ബിജെപി അജണ്ടയെത്തുടര്‍ന്നാണ് രണ്ടുപേരും ജയിലിലായത്. അവരെ പോലീസിന് മുന്നിലിട്ടാണ് മര്‍ദിച്ചത്. അവരെ അപമാനിച്ചു. തങ്ങള്‍ ഇന്ത്യയിലെ പൗരന്മാരല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണം. എത്രയുംവേഗം അവരെ വിട്ടയക്കണം. നിയമം കൈയിലെടുത്തവരെ ശിക്ഷിക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഭരണകൂടം മാപ്പുപറയണമെന്ന് കേരള കോണ്‍ഗ്രസ്(എം) അധ്യക്ഷനായ ജോസ് കെ.മാണി എം.പി.യും ആവശ്യപ്പെട്ടു. ”ഞങ്ങള്‍ ഇന്നലെ ഇവിടെവന്നു. ഇന്നലെ കാണാന്‍ അനുവാദം ലഭിച്ചില്ല. ഇന്നലെ ഇവിടെതാമസിച്ച് ഇന്ന് രാവിലെ കന്യാസ്ത്രീകളെ കണ്ടു. അവരോട് സംസാരിച്ചു. അവരോടൊപ്പം അറസ്റ്റിലായ ആദിവാസിയെയും കണ്ടു. ദീര്‍ഘമായി കന്യാസ്ത്രീകളുമായി സംസാരിച്ചു. വലിയൊരു അനീതിയാണ് ഇത്. അനീതി നടത്തിയത് ആള്‍ക്കൂട്ടമല്ല, ഇവിടത്തെ ഭരണകൂടമാണ്. ഇത് രാഷ്ട്രീയപ്രേരിതമായ കേസാണ്. വികാരപരമായാണ് കന്യാസ്ത്രീകള്‍ സംസാരിച്ചത്. ദേഹോപദ്രവത്തെക്കാള്‍ വാക്കുകള്‍കൊണ്ട് അവര്‍ അപമാനം നേരിട്ടു.
തിരുവസ്ത്രം ഉപയോഗിച്ച് ഇന്ന് രാജ്യത്ത് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. ഭരണകൂടം അവരെ സംശയത്തിലാക്കുകയാണ്. സാമൂഹികമായി പിന്നാക്കംനില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ ഏറെക്കാലം അവരോടൊപ്പം താമസിച്ചവരാണ്. അവരെ സംശയത്തിന് മുന്നില്‍ നിര്‍ത്തുക എന്നത് വളരെ മോശമാണ്. രാജ്യത്ത് വിശുദ്ധയായി പ്രഖ്യാപിച്ച അല്‍ഫോണ്‍സാമ്മയുടെയും മദര്‍ തെരേസയുടെയും പിന്തുടര്‍ച്ചയാണ് അവര്‍ ചെയ്യുന്നത്. മദര്‍ തെരേസയൊക്കെ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരെയും ഭരണകൂടം കൈയ്യാമംവച്ചേനെ. ഇത് ബോധപൂര്‍വമായ രാഷ്ട്രീയഗൂഢാലോചനയാണ്.
അവര്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയില്ലെന്ന് കേരളത്തിലെ ബിജെപി പ്രസിഡന്റ് പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിന് ഈ കുറ്റം ചുമത്തി. അവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഭരണകൂടം മാപ്പുപറയണം. അതിനായുള്ള പോരാട്ടം തുടരും.”, ജോസ് കെ. മാണി പറഞ്ഞു.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇവര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു. ബുധനാഴ്ച ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിക്കും.






