കാര്യം നിസാരം… മുലയൂട്ടുന്ന യുവതികള്‍ ദിവസം സമ്പാദിക്കുന്നത് 86,000 രൂപ! ആവശ്യക്കാരേറെയും ‘ജിമ്മന്മാര്‍’!

ഒന്നിലധികം വരുമാനമാര്‍ഗം തേടുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല, ദൈനംദിന ചെലവുകളും അവശ്യസാധനങ്ങളുടെ വിലവദ്ധനവും ഓരോരുത്തരെയും ഇതിന് നിര്‍ബന്ധിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരത്തില്‍ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ ചെയ്യുന്ന പുതിയ ബിസിനസാണ് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിക്കുന്നത്. അവര്‍ തങ്ങളുടെ മുലപ്പാല്‍ സംഭരിച്ച് ഓണ്‍ലൈനായി വില്‍പ്പന നടത്തിയാണ് വന്‍ തുക സമ്പാദിക്കുന്നത്.
ഇതിനെ തമാശയായോ നിസാരമായോ തള്ളിക്കളയാനാകില്ല. മറ്റ് അമ്മമാര്‍ക്ക് മാത്രമല്ല, ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലും വില്‍പ്പന നടത്തുകയാണ്. ഒരു ദിവസം 1000 ഡോളറില്‍ കൂടുതല്‍ അതായത് 86,628 രൂപയിലധം പണം സമ്പാദിക്കുന്നുണ്ട്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ ശരീരഘടന മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബോഡി ബില്‍ഡര്‍മാര്‍ വിശ്വസിക്കുന്നത്.
മുലപ്പാല്‍ ബിസിനസ്
യുഎസിലെ അറ്റ്‌ലാന്റയില്‍ നിന്നുള്ള 31കാരിയായ നഴ്സ് കെയ്റ വില്യംസ് തന്റെ മുലപ്പാല്‍ വില്‍ക്കുന്നുണ്ട്. ഇതുവരെ 103 ലിറ്ററിലധികം മുലപ്പാല്‍ അവര്‍ വിറ്റു. ഒരു ദിവസം 800 ഡോളര്‍ അതായത് 69,302 രൂപയാണ് അവരുടെ വരുമാനം. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ ആവശ്യക്കാരെ തേടിയാണ് അവര്‍ വില്‍പ്പന നടത്തുന്നത്. എന്നാല്‍ കെയ്റ ഒറ്റയ്ക്കല്ല, മിനിസോട്ടയില്‍ നിന്നുള്ള 33കാരിയായ എമിലി എംഗറും മുലപ്പാല്‍ ബിസിനസില്‍ സജീവമാണ്. മുലയൂട്ടലിന്റെ ഗുണങ്ങള്‍ അറിഞ്ഞതോടെയാണ് ഇത് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് എമിലി പറയുന്നു. എമിലിക്ക് ഒരു ദിവസം 1000 ഡോളറിലധികം (86,773.39 രൂപ) സമ്പാദിക്കാന്‍ കഴിയുന്നുണ്ട്.
‘ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മുലപ്പാല്‍ കുഞ്ഞിന്റെ ആവശ്യം കഴിഞ്ഞും ബാക്കിയുണ്ടായിരുന്നു. അങ്ങനെയാണ് ആര്‍ക്കെങ്കിലും നല്‍കാമെന്ന് കരുതിയത്. പിന്നീട് ചിന്തിച്ചപ്പോള്‍ കടയില്‍ പോയി ഫോര്‍മുല മില്‍ക്ക് വാങ്ങാന്‍ പണമാകും. അതുപോലെ നിങ്ങള്‍ക്ക് മുലപ്പാല്‍ എന്തുകൊണ്ട് പണം നല്‍കി വാങ്ങിക്കൂടേ എന്ന് തോന്നി. അങ്ങനെയാണ് പണം വാങ്ങി വില്‍ക്കാന്‍ തുടങ്ങിയത്. എന്റെ ജോലിക്ക് ശമ്പളം വളരെ കുറവായിരുന്നു. ഇപ്പോള്‍ ഈ ബിസിനസില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് എന്റെ കുഞ്ഞിനെ നല്ല രീതിയില്‍ നോക്കാന്‍ കഴിയുന്നുണ്ട്’ – എമിലി പറഞ്ഞു. കൂടുതല്‍ സമയവും വീട്ടില്‍ ചെലവഴിക്കാം, കുറഞ്ഞ ശമ്പളത്തിന് വേണ്ടി ജോലിക്ക് പോകേണ്ട കാര്യമില്ല എന്നാണ് മറ്റൊരു യുവതി പറഞ്ഞത്.
യഥാര്‍ത്ഥ കാരണം
‘മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍’ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് യുഎസിലെ ബേബി ഫോര്‍മുലയെക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്താണ് അമ്മമാര്‍ യഥാര്‍ത്ഥ മുലപ്പാല്‍ തന്നെ നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നത്. ടിക് ടോക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും, ‘മുലപ്പാലാണ് ഏറ്റവും നല്ലത്’ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അതില്‍ എല്ലാവരും മുലപ്പാലിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇത് മുലപ്പാല്‍ ഇല്ലാത്ത അമ്മമാരിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന അമ്മമാരിലും സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണ് മുലപ്പാലിന് ആവശ്യക്കാരേറിയത്. ഇത്തരത്തിലൊരു ബിസിനസ് തന്നെ ആരംഭിക്കാനുള്ള യഥാര്‍ത്ഥ കാരണവും ഇതുതന്നെയാണ്. നിലവില്‍ മുലപ്പാല്‍ വാങ്ങാനായി പല കുടുംബങ്ങളും ഒരു മാസം 1200 ഡോളര്‍ (1,04,195.28 രൂപ) ചെലവഴിക്കുന്നു എന്നാണ് വിവരം. അമ്മയുടെ മുലപ്പാലിനേക്കാള്‍ ഗുണം മറ്റൊന്നിനും നല്‍കാനാവില്ല എന്നതിനാല്‍ തന്നെ ഈ ബിസിനസ് വരുംകാലങ്ങളിലും മെച്ചപ്പെടാന്‍ തന്നെയാണ് സാദ്ധ്യത.
ആവശ്യക്കാര്‍
ബോഡി ബില്‍ഡര്‍മാരില്‍ നിന്നാണ് ആവശ്യക്കാരേറെയും വരുന്നത്. അവര്‍ ഇതിനെ സൂപ്പര്‍ ഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്. മസില്‍ പമ്പ് ചെയ്യാന്‍ മുലപ്പാന്‍ കുടിക്കുന്നത് അനുയോജ്യമാണെന്ന് ഇവര്‍ കരുതുന്നു. പോഷകസമൃദ്ധമായതിനാല്‍, ശരീരത്തിന് മുലപ്പാല്‍ ഗുണം നല്‍കുമെന്നാണ് ന്യൂട്രീഷനിസ്റ്റുകളും പറയുന്നത്. കുഞ്ഞിനെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നതാണ് മുലപ്പാല്‍. അതിനാല്‍ അതേ ഫലം തന്നെ മുതിര്‍ന്നവരിലും ഇത് നല്‍കുന്നു.
ആശങ്കകള്‍
ഇത്തരത്തില്‍ അധികമായി പാല്‍ പമ്പ് ചെയ്യുന്നത് സ്ത്രീകള്‍ക്ക് ദോഷമുണ്ടാക്കുമെന്ന അഭിപ്രായം ഉന്നയിച്ച് നിരവധി മെഡിക്കല്‍ വിദഗ്ദ്ധര്‍ രംഗത്തെത്തി. വില്‍ക്കാന്‍ വേണ്ടി അധിക മുലപ്പാല്‍ പമ്പ് ചെയ്യുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷകരമാകുമെന്ന് ലാക്‌റ്റേഷന്‍ കണ്‍സള്‍ട്ടന്റായ റേച്ചല്‍ വാട്‌സണ്‍ മുന്നറിയിപ്പ് നല്‍കി. ഇത് സ്ത്രീകളുടെ ശരീരത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൊഴുപ്പ്, കലോറി, സൂക്ഷ്മ പോഷകങ്ങള്‍ എന്നിവയുടെ അളവ് അമ്മമാരുടെ ശരീരത്തില്‍ കുറയാനും കാരണമാകും. മാത്രമല്ല, ഓണ്‍ലൈനില്‍ വില്‍ക്കുന്ന മുലപ്പാലില്‍ രോഗകാരികളായ ബാക്ടീരിയകള്‍ ഉണ്ടെന്നും വാട്സണ്‍ പറഞ്ഞു.






