തടവുകാരന്‍ മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു! വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി; മന്ത്രിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ കാറില്‍ കയറി തടവ് പുള്ളി രക്ഷപ്പെട്ടെന്ന് മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെയായിരുന്നു അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ജയിലില്‍ യോഗത്തിന് എത്തിയ മന്ത്രിയുടെ കാറില്‍ കയറി ഒരു തടവ് പുള്ളി സെക്രട്ടറിയേറ്റില്‍ എത്തി രക്ഷപ്പെട്ടു എന്നാണ് കൈരളി ടിവിയിലെ ചര്‍ച്ചയ്ക്കിടെ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്.
യുഡിഎഫ് ഭരണ കാലത്ത് തിരുവനന്തപുരം ജയിലില്‍ നിന്നും ഒരു കുറ്റവാളി മന്ത്രിയുടെ കാറില്‍ മുന്‍സീറ്റിലിരുന്ന് സെക്രട്ടറിയേറ്റ് വരെയെത്തി. ’32 ജയില്‍ സ്റ്റാഫുകളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്നിലൂടെയാണ് തടവുകാരന്‍ പോയത്, ഒരാളുടെയും കണ്ണില്‍ അവന്‍ പെട്ടില്ല’ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. കേരളത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 103 പേരാണ് ജയില്‍ ചാടിയിട്ടുള്ളത് എന്നും ഇന്ത്യ ഒട്ടാകെയുള്ള 2200 പേര് ജയില്‍ ചാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിട്ടത്. തടവുകാരന് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയ മന്ത്രി ആരാണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ആഭ്യന്തരമന്ത്രിമാരുടെ ചുതല വഹിച്ചിരുന്നു.






