എല്ലാം തട്ടിപ്പ്! ഡെലിവറി ഏജന്റ് ചമഞ്ഞ് ബോധരഹിതയാക്കി പീഡിപ്പിച്ചു; വ്യാജപരാതിയില്‍ വനിതാ ടെക്കിക്കെതിരെ കേസ്, ഇരുവരും അടുപ്പത്തിലെന്ന് പോലീസ്
മുംബൈ: ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന 22 വയസ്സുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ യുവതിക്കെതിരെ പുണെ സിറ്റി പൊലീസ് കേസെടുത്തു. വീട്ടിലെത്തിയ
‘ഡെലിവറി ഏജന്റ്’ തന്റെ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ ഇത് പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചു.
ഡെലിവറി ഏജന്റ് ചമഞ്ഞ് ആളൊഴിഞ്ഞ നേരം യുവതിയുടെ വീട്ടിലെത്തിയ 27 വയസ്സുകാരന്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ പരസ്പരം ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഫ്‌ലാറ്റിലേക്കു കയറിയതെന്നും പൊലീസ് പറഞ്ഞു.
ഇരുവരുടെയും ഫോണ്‍ ചാറ്റുകള്‍, ഫോണ്‍ കോളുകള്‍, സംഭവം നടന്ന സമയം, ഇരുവരും തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ വാദങ്ങള്‍ തെറ്റാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം, എന്തിനാണു യുവതി വ്യാജ പരാതി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കി.






