
കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാണ്. ഇതോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷിക ദിവസമാണ് കര്‍ക്കടക അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. പിതൃക്കള്‍ക്കു വേണ്ടി എല്ലാ കൊല്ലവും മരിച്ച നാളില്‍ ഊട്ടുന്ന ശ്രാദ്ധമാണ് എകോദ്ദിഷ്ട ശ്രാദ്ധം. പിതൃ പിതാമഹ പ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദ്ദിഷ്ടശ്രാദ്ധം. അത് അമാവാസി നാളിലാണ് നിര്‍വഹിക്കേണ്ടത്.
കര്‍ക്കടക അമാവാസിയുടെ പ്രാധാന്യം
പിതൃകര്‍മങ്ങള്‍ക്ക് ഉദകതര്‍പ്പണം (ജലതര്‍പ്പണം) സുപ്രധാനമായതിനാലും ദേവസാന്നിധ്യം ക്രിയക്ക് പുഷ്ടി പ്രദമായതിനാലും ആവാം ഉദക (വെള്ളം) സമൃദ്ധിയാര്‍ന്ന കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരങ്ങളും പിത്യകര്‍മങ്ങള്‍ക്ക് മഹത്വമേകുന്ന സ്ഥാനങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കല്‍, ചേലാമറ്റം തുടങ്ങിയ നിരവധി പിതൃബലി കേന്ദ്രങ്ങളുണ്ട്.
അമാവാസി പിതൃക്കള്‍ക്ക് പകല്‍
ചാന്ദ്രമാസത്തിലെ 27 ദിവസങ്ങളില്‍ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തിലേക്കാണെന്നാണ് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിക്കഭിമുഖമല്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിക്ക് അഭിമുഖമായ ഭാഗത്ത് ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് അമാവാസി നാളില്‍ സൂര്യരശ്മിയേറ്റ് പിതൃക്കള്‍ നിര്‍വൃതരാകുന്നു. ഇങ്ങനെയാണ് കൂര്‍മ്മപുരാണത്തില്‍ പറയുന്നത്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണ്. പിതൃ യജ്ഞത്തെ ദേവസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കടക അമാവാസി. ചാന്ദ്രമാസങ്ങളില്‍ ചിങ്ങം മുതല്‍ വരുന്ന പതിമൂന്നാമത്തെ അമാവാസിയാണ് കര്‍ക്കടക വാവ്.
പിതൃകര്‍മ്മങ്ങള്‍ക്ക് ഉദകതര്‍പ്പണം (ജലതര്‍പ്പണം) സുപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയക്ക് പുഷ്ടി പ്രദമായതിനാലും ആവാം ഉദക (വെള്ളം) സമൃദ്ധിയാര്‍ന്ന കടല്‍തത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരങ്ങളും പിതൃകര്‍മ്മങ്ങള്‍ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധം ഊട്ടേണ്ടതാണെങ്കിലും അതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ കര്‍ക്കടകവാവുബലി ഇടുന്നത് ഉത്തമമത്രെ. കാലഭേദമനുസരിച്ചുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതിനനുസരിച്ച് ആചാരങ്ങളില്‍ ചില ലോപങ്ങള്‍ വന്നാലും കര്‍മ്മം ചെയ്യുക എന്നതിനാണ് പ്രാധാന്യം.






