Breaking NewsCrimeLead NewsNEWS

‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവന്‍ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കില്‍…’

കൊല്ലം: യുഎഇയിലെ മാളില്‍ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാല്‍, പുതിയ ജോലിക്ക് കയറാന്‍ അതുല്യയ്ക്കായില്ല. 2 ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ശനി പുലര്‍ച്ചെയാണ് ഷാര്‍ജയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്.

അതുല്യയുടെ മരണത്തില്‍ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് സതീഷ് അതുല്യയെ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി.

Signature-ad

‘ഇന്നലെ മുതല്‍ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോള്‍ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവന്‍ വിടില്ലായിരുന്നു, പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേര്‍പിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛന്‍ എസ്.രാജശേഖരന്‍ പിള്ള ദുഃഖത്തോടെ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പു താന്‍ ഷാര്‍ജയിലുള്ള സമയത്ത് സതീഷ് മര്‍ദിക്കുന്നെന്ന് കാണിച്ചു മകള്‍ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരന്‍ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ വച്ചു പരാതി നല്‍കാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നല്‍കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇന്ന് എന്റെ മോള്‍ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛന്‍ പറഞ്ഞു.

അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണവും ഫൊറന്‍സിക് റിപ്പോര്‍ട്ടും ഇന്നു ലഭിക്കുമെന്നാണു സൂചന.

ഇതിനു ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ അതുല്യയുടെ ഭര്‍ത്താവ് സതീഷും പറഞ്ഞത്. അതുല്യ മരിച്ച ശേഷം ഫ്‌ലാറ്റില്‍ എത്തി നോക്കുമ്പോള്‍ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തിലാണ് അതുല്യ മരണത്തിനു കീഴടങ്ങിയത്.

Back to top button
error: