സംഗീത നാടക അക്കാദമി: 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്വന്തമായി ബുക് സ്റ്റാള്‍; ഉദ്ഘാടനം തിങ്കളാഴ്ച; ഇതുവരെ പുറത്തിറക്കിയത് 78 ടൈറ്റിലുകള്‍; 50 ശതമാനംവരെ വിലക്കിഴിവ്

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ബുക്സ് സ്റ്റാള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് തിങ്കളാഴ്ച രാവിലെ 10.50ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്. ബിന്ദു പങ്കെടുക്കും. അക്കാദമി വളപ്പിലാണു ബുക്സ് സ്റ്റാള്‍. 1964 മുതല്‍ അക്കാദമി പുസ്തക പ്രകാശനം ആരംഭിച്ചെങ്കിലും വില്ക്കാന് സ്വന്തമായി ബുക്സ് സ്റ്റാള്‍ ഉണ്ടായിരുന്നില്ല. അക്കാദമി ഓഫീസ്, ഓണ്‍ലൈന്‍ എന്നിവയിലൂടെയായിരുന്നു പ്രധാനമായും വില്പന.
കേരളത്തില്‍ കലാസംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക സ്ഥാപനമാണ് സംഗീത നാടക അക്കാദമി. 1964 ല്‍ കാവാലം നാരായണപ്പണിക്കര്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ എണ്ണപ്പാടം വെങ്കിട രാമഭാഗവതര്‍ എഴുതിയ വെങ്കിട്ട രമണീയം ആണ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം. ഇതുവരെ 78 പുസ്തകങ്ങള്‍ പുറത്തിറക്കി. എട്ടെണ്ണം ഉടന്‍ പുറത്തിറങ്ങും.
പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. പ്രസന്നയുടെ ഇന്ത്യന്‍ മെത്തേഡ് ഓഫ് ആക്ടിംഗിന്റെ മലയാള പരിഭാഷയും കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രവും ബെര്‍തോള്‍ട് ബ്രെഹ്റ്റിന്റെ സമ്പൂര്‍ണ നാടകങ്ങളുടെ മലയാള പരിഭാഷയും ഉടന്‍ പുറത്തിറങ്ങും.






