20 വര്‍ഷമായി കോമയില്‍, ‘ഉറങ്ങുന്ന രാജകുമാരന്’ ഇനി നിത്യനിദ്ര; അല്‍ വലീദ് രാജകുമാരന്‍ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷമായി കോമയില്‍ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്താണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ എന്ന രാജകുമാരന്റെ മേല്‍ വിധിയുടെ കരിനിഴല്‍ പതിയുന്നത്.
2005 ലുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. പിന്നീട് അവിടെ നിന്ന് റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുവന്നു. കോമയിലുള്ളപ്പോഴും ഇടക്കിടെ ശരീരം അനങ്ങുമായിരുന്നു. ജീവന്‍ നിലനിര്‍ത്തുന്ന വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിന്‍വലിക്കരുതെന്നാണ് പിതാവ് ഖാലിദ് രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നത്.
മകന് മുന്നില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വീഡിയോകളും ഖാലിദ് രാജകുമാരന്‍ പങ്കുവയ്ക്കുമായിരുന്നു. ‘സ്ലീപ്പിങ് പ്രിന്‍സ്’ എന്നാണ് വലീദിനെ ലോകം വിളിച്ചിരുന്നത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ തലാല്‍ ബിന്‍ അബ്്ദുല്‍ അസീസ് രാജകുമാരന്റെ പേരക്കുട്ടിയാണ് അല്‍-വലീദ്.






