
കൊച്ചി: ഷാര്‍ജയിലെ ഫ്ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് അതുല്യ നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്.
19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന് സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന് പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന് മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു.
അതേ സമയം അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സതീഷ് കസേര ഉയര്‍ത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകള്‍ അതുല്യ തന്നെ പകര്‍ത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.
കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിനെയാണ് ഇന്ന് ഷാര്‍ജയില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. രണ്ടു ദിവസം മുന്‍പ് സതീഷ് മകളുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്
ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചവറ കോയിവിളയില്‍ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്ക്കിന് സമീപത്തെ ഫ്ലാറ്റില്‍ അതുല്യ ശേഖരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. ദുബായില്‍ ആരോമല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് സതീഷ് ശങ്കര്‍. ദമ്പതികളുടെ മകള്‍ നാട്ടിലാണ്.
അതുല്യയുടെ ഏക സഹോദരി ഷാര്‍ജയില്‍ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവര്‍ക്ക് അയച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അതുല്യ ഭര്‍തൃ പീഡനത്തിന് ഇരയായ കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വര്‍ഷം മുമ്പാണ് അതുല്യയുടെയും സതീഷിന്റെയും വിവാഹം നടന്നത്.






