Breaking NewsIndiaLead NewsNEWSNewsthen SpecialWorld

എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍

കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു.

എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല.

Signature-ad

മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞിട്ടിലല്. ആയിരം കിലോമീറ്റര്‍ മുന്നണിയിലാണ് റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുള്ളത്. അടുത്തിടെ യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണവും കടുപ്പിച്ചിരുന്നു. റഷ്യയുടെ മികച്ചതും നൂതനവുമായ ആയുധങ്ങള്‍ക്കെതിരേ പിടിച്ചു നില്‍ക്കാന്‍ യുക്രൈന്‍ തുടര്‍ച്ചയായി രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥന നടത്തുന്നുമുണ്ട്.

സര്‍ക്കാര്‍ 2023ല്‍ ആണ് ബ്രേവ് 1 ആരംഭിച്ചത്. യുക്രൈന്‍ പ്രതിരോധ കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാനും സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാനുമുള്ള സൗകര്യം ഇതിലൂടെ ലഭിച്ചു. ഇതോടൊപ്പമാണ് ആധുനിക സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുമുള്ള അവസരം ഒരുക്കുന്നത്. ഞങ്ങള്‍ക്ക് വലിയ മുന്‍ഗണനകളുണ്ടെന്നും അതിലേറ്റവും വലുത് എയര്‍ ഡിഫെന്‍സ് ആണെന്നും മോറോസ് പറഞ്ഞു. ഡ്രോണുകള്‍, എഐ- നിയന്ത്രിത സംവിധാനങ്ങള്‍, ഗ്ലൈഡിംഗ് ബോംബുകളെ ചെറുക്കല്‍ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന. വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന മനുഷ്യരില്ലാ സംവിധാനങ്ങളും പരിഗണനയിലുണ്ട്.

നിലവില്‍ ഡ്രോണുകളാണ് റഷ്യന്‍ സൈന്യത്തിനെതിരേ പ്രഹരമേല്‍പ്പിക്കാന്‍ യുക്രൈന്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ആയിരക്കണക്കിനു ഡ്രോണുകളുടെ ഉത്പാദനമാണ് കീവ് നടത്തുന്നത്. കാമികെയ്‌സ് ഡോണുകള്‍, നിരീക്ഷണ ഡ്രോണുകള്‍, ബോംബര്‍ ഡ്രോണുകള്‍, മറ്റു ഡ്രോണുകളെ ചെറുക്കുന്ന ഡ്രോണുകള്‍ എന്നിങ്ങനെയാണ് യുക്രൈന്‍ യുദ്ധമുന്നിയിലെ പ്രധാന സംവിധാനങ്ങള്‍.

മുന്‍വര്‍ഷങ്ങളെ അപേഷിച്ച് റഷ്യയെ പിന്നോട്ടടിക്കാന്‍ ഇവയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് കീവ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ റഷ്യയിലേക്ക പത്തുകിലോമീറ്റര്‍വരെ നുഴഞ്ഞു കയറാന്‍ ഇവയ്ക്കു കഴിവുണ്ട്. ഇതിനെ ‘കില്‍ സോണ്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. സൈനികരുടെ എണ്ണത്തിലും ടാങ്കുകളിലും മുന്നില്‍ നില്‍ക്കുന്ന റഷ്യക്കു വലിയ തോതില്‍ സൈനികരെ നഷ്ടപ്പെടാന്‍ ഡ്രോണുകളുടെ ആക്രമണം ഇടയാക്കിയിട്ടുണ്ട്. ഏതെങ്കിലും വലിയ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ എത്തിയാല്‍ യുക്രൈന്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തകര്‍ക്കുന്നതു പതിവായിട്ടുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള നീക്കങ്ങള്‍ക്കു റഷ്യക്കു സാധിക്കുന്നില്ല. ഏറ്റവും കുറഞ്ഞത് 15,000 സൈനിക ഡ്രോണുകളെങ്കിലും ഒരേസമയം കീവ് ഉപയോഗിക്കുന്നുണ്ട്.

റഷ്യയും ഈ പരിപാടി തുടങ്ങിയിട്ടുണ്ടെന്ന് യുക്രൈന്‍ കമാന്‍ഡര്‍മാരും പറയുന്നു. വലിയ വാഹനങ്ങളില്‍ എത്തുന്നതിനു പകരം മോട്ടോര്‍ ബൈക്കുകളിലേക്കു സൈനികരുടെ സഞ്ചാരം മാറിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ തകര്‍ക്കപ്പെടുമ്പോ ഉണ്ടാകുന്ന ആള്‍നാശം ചെറുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ റഷ്യയുടെ നീക്കം മന്ദീഭവിച്ചിട്ടുണ്ടെങ്കിലും ഇഞ്ചിഞ്ചായി മുന്നേറുന്നുണ്ടെന്നാണു വിവരം. എങ്കിലും യുക്രൈനു പിന്തുണയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വന്നതിനെ യൂറോപ്യന്‍ ഏജന്‍സികള്‍ പ്രതീക്ഷയോടെയാണു കാണുന്നത്. നാറ്റോ വഴി യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യൂറോപ്പ് ഇതിനുള്ള പണവും നല്‍കും. ഇക്കാര്യത്തില്‍ നിരവധി വിശദാംശങ്ങള്‍ ലഭിക്കാനുണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് യുഎസ്, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങനെ ആയുധങ്ങള്‍ നല്‍കുമെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്തിനു തീപിടിക്കുന്നതിന്റെ ദൃശ്യം. (വീഡിയോയില്‍നിന്ന് പകര്‍ത്തിയത്)

ഠ സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍

റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ നടത്തിയ സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണം റഷ്യക്കു കനത്ത നാശമുണ്ടാക്കിയിരുന്നു. ഏറ്റവും ബ്രില്യന്റായ ആക്രമണമെന്നാണു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇതിനെ വിശേഷിപ്പിക്കുന്നത്. 41 വിമാനങ്ങള്‍ തകര്‍ത്തെന്നും ഇതില്‍ പാതിയോളം ഒരിക്കലും നന്നാക്കിയെടുക്കാന്‍ കഴിയാത്ത പരുവത്തിലാണെന്നും അദ്ദേഹംപറഞ്ഞു.

കീവില്‍നിന്ന് 4850 കിലോമീറ്റര്‍ അകലെയുള്ള ബെലായ എയര്‍ബേസ് ഉള്‍പ്പെടെ നാലു സൈനിക ബേസുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. സൈബീരിയന്‍ മേഖലയിലെ ഇര്‍കൂറ്റ്‌സ്‌കിലാണ് റഷ്യയുടെ ബെലായ സൈനിക താവളം. റഷ്യയിലേക്കു കള്ളക്കടത്തിലൂടെ എത്തിച്ച 117 ഡ്രോണുകളാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ലോറിയില്‍ കയറ്റിയ കണ്ടെയ്‌നറുകളുടെ മുകള്‍ത്തട്ടില്‍ ഒളിപ്പിച്ചു റഷ്യന്‍ മിലിട്ടറി ബേസുകളുടെ അടുത്തെത്തിച്ചശേഷമായിരുന്നു ആക്രണം. കണ്ടെയ്‌നറുകളുടെ മുകള്‍ ഭാഗം തുറക്കാവുന്ന വിധത്തിലായിരുന്നു ഒരുക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തിലാണ് ഡ്രോണുകള്‍ ലക്ഷ്യം കണ്ടെത്തിയത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളടക്കം തകര്‍ത്തവയില്‍ ഉള്‍പ്പെടും.

യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസായ എസ്ബിയു പറയുന്നത് അനുസരിച്ച്, ഇവരുടെ ഏജന്റുമാര്‍ റഷ്യയിലേക്ക് ഡ്രോണുകള്‍ ഒളിപ്പിച്ചു കടത്തി. ഇവയുടെ ചിത്രങ്ങളും എസ്ബിയു പുറത്തുവിട്ടിട്ടുണ്ട്. ഒന്നില്‍ നാലു പ്രൊപ്പല്ലറുകളുള്ള ഇരുപതോളം ഡ്രോണുകളാണ് ഉണ്ടായിരുന്നത്. ട്രക്കുകളിലൊന്ന് ബെലായ എയര്‍ബേസിന്റെ ഏഴു കിലോമീറ്റര്‍ മാത്രം അകലെ ഹൈവേയിലാണു പാര്‍ക്ക് ചെയ്തത്. റോയിട്ടേഴ്‌സ് സ്ഥിരീകരിച്ച വീഡിയോകള്‍ പ്രകാരം കണ്ടെയ്‌നറുകളുടെ മേല്‍ക്കൂര തുറന്ന് പറക്കുന്നതു വ്യക്തമാണ്. ഒരു ട്രക്ക് നിര്‍ത്തിയതിനു പിന്നാലെ ഇവ ഒന്നൊന്നായി പറന്നുയര്‍ന്നു. മറ്റൊരു ട്രക്ക് ചലിക്കുന്നതിനിടയിലും ഡ്രോണുകള്‍ പുറത്തുവന്നു. ഇതെല്ലാം വിദൂരത്തുനിന്നാണു നിയന്ത്രിച്ചത്.

aerospace-defense/ukraine-offers-its-front-line-test-bed-foreign-weapons

enter-kill-zone-ukraines-drone-infested-front-slows-russian-advance

Back to top button
error: