KeralaNEWS

മരണമുഖത്തും പതറാതെ സഹദേവന്‍; 9 കുട്ടികളെ സുരക്ഷിതരാക്കി ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

തൃശൂര്‍: തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഡ്രൈവര്‍ കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങി. ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴും ഡ്രൈവര്‍ എം വി സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളെ കുറിച്ചായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പതിവുപോലെ പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവന് (64) അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞുപോയ സഹദേവന്‍ പതറാതെ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് മാറ്റിനിര്‍ത്തുകയായിരുന്നു.

Signature-ad

വാഹനത്തില്‍ അപ്പോള്‍ 9 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു.
ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്. മരുമകന്‍: കൃഷ്ണകുമാര്‍.

Back to top button
error: