Breaking NewsKeralaLead NewsNEWSPravasiWorld

സമ്മര്‍ദങ്ങളും മധ്യസ്ഥ- അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല; വധശിക്ഷയില്‍ ഉറച്ചു നില്‍ക്കുന്നു; നിലപാട് വ്യക്തമാക്കി തലാലിന്റെ കുടുംബാംഗം; ‘കേസിന്റെ തുടക്കം മുതല്‍ പലരും രഹസ്യമായി സമീപിച്ചു; നിരവധി ഓഫറുകള്‍ വന്നു; ഞങ്ങളുടെ ആവശ്യം സുവ്യക്തം’

സനാ: യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇക്കാര്യത്തില്‍ സമ്മര്‍ദങ്ങളും മധ്യസ്ഥശ്രമങ്ങളും അനുരഞ്ജന ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാലിന്റെ കുടുബം വ്യക്തമാക്കി. നിമിഷ പ്രിയയക്ക് മാപ്പ് ലഭ്യമാക്കാന്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെയും അനുരഞ്ജന ശ്രമങ്ങളെയും കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകളും നടക്കുന്ന ശ്രമങ്ങളും പുതിയ കാര്യമല്ലെന്നും ഇത് അപ്രതീക്ഷിതവുമല്ലെന്നും തലാലിന്റെ കുടംബാംഗം അബ്ദുല്‍ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതായി ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കേസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇക്കാര്യത്തില്‍ രഹസ്യ ശ്രമങ്ങളുണ്ടായിരുന്നു. കുടുംബത്തിനു മേല്‍ വലിയ തോതില്‍ സമ്മര്‍ദങ്ങളുണ്ടായി. നിരവധി പേര്‍ മധ്യസ്ഥശ്രമങ്ങളുമായി സമീപിച്ചു. ഇതില്‍ ചിലത് പരസ്യമായിരുന്നു. ഇതേ കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വാഭാവികവും പ്രതീക്ഷിക്കപ്പെടുന്നതുമാണ്. ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരു അര്‍ഥത്തില്‍, പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം നിരവധി ഓഫറുകള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഞങ്ങള്‍ക്കു മുന്നില്‍ എത്തി. ഇതൊന്നും ഞങ്ങളുടെ നിലപാടില്‍ ഒരുവിധ മാറ്റവുമുണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്. അത് എന്തുതന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.

Signature-ad

ഇപ്പോള്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നു. ഖേദകരമെന്ന് പറയട്ടെ ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. എല്ലാ തരത്തിലുമുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഞങ്ങള്‍ തീര്‍ത്തും നിരാകരിക്കുന്ന കാര്യം ഇപ്പോള്‍ വധശിക്ഷ നീട്ടിവെച്ചവര്‍ക്കു തന്നെ അറിയാവുന്നതാണ്. ശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ച ശേഷം ശിക്ഷ നീട്ടിവെച്ചത് ഏറ്റവും ദുഷ്‌കരമായ കാര്യമാണ്. ശിക്ഷ നടപ്പാക്കുന്നതു വരെ കേസ് ഞങ്ങള്‍ വിടാതെ പിന്തുടരും. ശിക്ഷ നീട്ടിവെച്ചത് ഞങ്ങളെ പിന്തിരിപ്പിക്കില്ല. സമ്മര്‍ദങ്ങള്‍ ഞങ്ങളെ കുലുക്കില്ല. രക്തം പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല. നീതി വിസ്മരിക്കാന്‍ സാധിക്കില്ല. എത്ര നീണ്ട പാതയാണെങ്കിലും പ്രതികാരം നടക്കുക തന്നെ ചെയ്യും. ഇത് സമയത്തിന്റെ കാര്യം മാത്രമാണ്. സഹായം അല്ലാഹുവില്‍ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച വിവരം അറിയിച്ച് അധികൃതരില്‍ നിന്ന് ലഭിച്ച രേഖാമൂലമുള്ള നോട്ടീസ് സഹിതം ഫെയ്സ് ബുക്ക് പോസ്റ്റില്‍ അബ്ദുല്‍ഫത്താഹ് മഹ്ദി പറഞ്ഞു.

നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്നും വധശിക്ഷ നടപ്പാക്കണമെന്നുമുള്ള തങ്ങളുടെ ഉറച്ച നിലപാട് തലാലിന്റെ കുടുംബത്തില്‍ ഒന്നിലധികം പേര്‍ പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ യെമനിലെ സൂഫി പണ്ഡിതനുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും ആരു തന്നെ എത്ര തന്നെ സമ്മര്‍ദങ്ങള്‍ ചെലുത്തിയാലും ഇതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും കുടുംബം വ്യക്തമാക്കിയത്.

വധശിക്ഷ മാറ്റിവെച്ചതായി തങ്ങള്‍ക്ക് ഇതേവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഫത്താഹ് മഹ്ദി ആവര്‍ത്തിച്ചു. വധശിക്ഷ നടപ്പാക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരില്‍നിന്ന് ശിക്ഷ മാറ്റിവെച്ചോ എന്ന് അന്വേഷിച്ച് അറ്റോര്‍ണി ജനറലിന് സന്ദേശം ലഭിച്ചതായും മഹ്ദി പറഞ്ഞു.

 

Back to top button
error: