വീണ്ടും പ്രതീക്ഷ; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; സൂചന നല്കി അഭിഭാഷകന്; യെമന്‍ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചര്‍ച്ച നയിച്ച് കാന്തപുരവും; ബ്ലഡ് മണി എട്ടുകോടി മതിയാകില്ലെന്നും സൂചന

സനാ: യെമനില്‍ നിമിഷപ്രിയയുടെ വധശിക്ഷ മറ്റന്നാള്‍ നടപ്പായേക്കില്ലെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയില്‍. മോചനത്തിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്, സര്‍ക്കാര്‍ സ്വകാര്യമായി നടത്തുന്ന ചര്‍ച്ചകളിലൂടെ നല്ലത് പ്രതീക്ഷിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി യെമനില്‍ നിര്‍ണായക ചര്‍ച്ച നടക്കുകയാണ്. കാന്തപുരം എപി അബൂബക്കര്‍ മുസ്് ലിയാരുടെ അഭ്യര്‍ഥന പ്രകാരമാണ് യെമന്‍ സൂഫി പണ്ഡിതന് ഇടപെട്ട് ചര്‍ച്ചയൊരുക്കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സുഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലോകത്തിലെ തന്നെ പ്രമുഖ സൂഫി പണ്ഡിതരില്‍ ഒരാളായ ഹബീബ് ഉമറുമായി കാന്തപുരം അബൂബക്കര്‍ മുസ് ലിയാര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. ഹബീബ് ഉമറിന്റെ നിര്‍ദേശങ്ങള്‍ പ്രതിനിധി അബ്ദുറഹ്മാന് അലി മഷ്ഹൂര്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വക്കണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.
യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, ഗോത്ര തലവന്മാര് എന്നിവര്‍ക്ക് പുറമേ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് സഹോദരനോട് ആവശ്യപ്പെട്ടു. ദയാധനം സ്വീകരിക്കാന്‍ തയാറാണെങ്കില്‍ തന്നെ എത്ര പണം അവര്‍ ആവശ്യപ്പെടുമെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം എട്ടുകോടി മതിയെന്ന് കുടുംബം പറഞ്ഞതായി പ്രചരിച്ചിരുന്നെങ്കിലും അത് മതിയാകില്ലെന്നാണ് നിലവിലെ സൂചന.






