
തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന ആരോപണവുമായി കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്‌സണ്‍ അലക്‌സിനെ (48) ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്‌സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം ഭാര്യ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു.
പിന്നീട് വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ്, വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവെച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു.
മകന്‍ മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്ന് ജെയ്‌സണ്‍ അലക്‌സിന്റെ അമ്മ പറയുന്നു. ”ജോലിയില്‍ നല്ല സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പലപ്പോഴും അത് എന്നോട് പറഞ്ഞിട്ടുണ്ട്. ആറുകോടി രൂപയുടെ സാധനങ്ങള്‍ വാങ്ങി. അതിന്‍െ ബില്ലില്‍ ഒപ്പിട്ടു കൊടുക്കാന്‍ മുകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായി. അവന്‍ അത് ഒപ്പിട്ടു കൊടുത്തില്ല. അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവന്‍ പറഞ്ഞു”. മരിച്ച ജെയ്‌സണ്‍ അലക്‌സിന്റെ മാതാവ് ജമ്മ അലക്‌സാണ്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലില്‍ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞിരുന്നതായി ജെയ്‌സന്റെ അമ്മ ആരോപിച്ചു.






