
മലയാളം വാർത്താചാനല്‍ റേറ്റിങ് ചരിത്രത്തില്‍ ശ്രദ്ധേയമായ ചലനങ്ങളാണ് കഴിഞ്ഞ ആഴ്ച ഉണ്ടായത്. റേറ്റിങ്ങിലെ ഒന്നാം സ്ഥാനം വർഷങ്ങളോളം കയ്യടക്കി വെച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് എത്തി. ട്വന്റി ഫോറിനായിരുന്നു രണ്ടാം സ്ഥാനം. ഏഷ്യനെറ്റിനു സംഭവിച്ച ഈ തിരിച്ചടി സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചകള്‍ക്കും പ്രചരണങ്ങള്‍ക്കും ഇടയാക്കി.
ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഏഷ്യാനെറ്റ് റേറ്റിങില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാല്‍ ഈ ആഴ്ചയിലെ ബാർക്ക് റേറ്റിങ് പുറത്ത് വന്നപ്പോള്‍ ചിത്രം ആകെ കീഴ്മേല്‍ മറിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി. അതേസമയം ഒന്നാം സ്ഥാനം നേടിയ റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
കഴിഞ്ഞയാഴ്ച സംഭവിച്ചത്
കഴിഞ്ഞ ആഴ്ച റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനം നേടിയ റിപ്പോര്‍ട്ടര്‍ ടിവിക്ക് 118 പോയിന്റാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് 24 ന്യൂസ് എത്തി. മൂന്നാമതു വന്ന ഏഷ്യാനെറ്റ് ന്യൂസിന് 106 പോയിന്റായിരുന്നു. 7 പോയിന്റിന്റെ വ്യത്യാസത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനം നഷ്ടമായി. മനോരമ 52 പോയിന്റുമായി നാലാമതും 47 പോയിന്റുമായി മാതൃഭൂമി അഞ്ചാമതും എത്തി.
ന്യൂസ് ചാനലുകളില്‍ ഏറ്റവും പുതിയ, ന്യൂസ് മലയാളം 24 ആറാം സ്ഥാനത്ത് 29 പോയിന്റുമായി തുടർന്നപ്പോള്‍ കൈരളി 21 പോയിന്റുമായി കഴിഞ്ഞ ആഴ്ചയും ജനം ടിവിയെ പിന്നിലാക്കി ഏഴാം സ്ഥാനത്ത് എത്തി. ഏട്ടാമതുള്ള ജനം ടിവിക്ക് 20 പോയിന്റായിരുന്നു കഴിഞ്ഞ വാരം റേറ്റിങ്ങില്‍ ലഭിച്ചത്. ന്യൂസ് 18 കേരളം 17 പോയിന്റുമായും മീഡിയ വണ്‍ 9 പോയിന്റുമായും അവസാന സ്ഥാനങ്ങളിലും തുടർന്നു.
ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും മുന്നിൽ
ഈ ആഴ്ചയിലെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ മലയാളികള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് ഊട്ടിയുറപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഇത്തവണ ഒരു ചാനലിന്റെയും റേറ്റിങ് 100 പോയിന്റിന് അപ്പുറം കടന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയ ഏഷ്യാനെറ്റ് ന്യൂസിന് 95 പോയിന്റാണ് ലഭിച്ചത്.
ട്വന്റി-ഫോർ ന്യൂസ് ചാനല്‍ 85 പോയിന്റുമായിട്ടാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റിപ്പോർട്ടർ ടിവിക്കാകട്ടെ ഇത്തവണ 80 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. മനോരമ ന്യൂസ് – 44, മാതൃഭൂമി ന്യൂസ് – 41 എന്നീ ചാനലുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ തുടരുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയ ചാനലുകള്‍ക്കും കഴിഞ്ഞ തവണ നേടിയ റേറ്റിങ് നേടാന്‍ സാധിച്ചില്ലെന്നതുമാണ് മറ്റൊരു സവിശേഷത്. അതായത് കഴിഞ്ഞയാഴ്ച 106 പോയിന്റുമായി മൂന്നാ സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണ 95 പോയിന്റേിലേക്ക് ഇറങ്ങിയങ്കിലും ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ സാധിച്ചു.
ആറാം സ്ഥാനത്ത് തുടരുന്ന ന്യൂസ് മലയാളം 24 ആണ് ഈ ആഴ്ച നേട്ടമുണ്ടാക്കിയ ഏക ചാനല്‍. 33 പോയിന്റാണ് ഇത്തവണ ചാനലിന് ലഭിച്ചിരിക്കുന്നത്. കൈരളി-18, ജനം ടിവി 17, ന്യൂസ് 18 കേരള 13, മീഡിയ വണ്‍ 9 എന്നിങ്ങനെയാണ് ഏഴ് മുതല്‍ 10 വരേയുള്ള സ്ഥാനങ്ങളിലുള്ളത്.






