Breaking NewsCrimeLead NewsNEWS

ജീവിതം മകളുടെ ചെലവിലെന്ന് നാട്ടുകാരുടെ പരിഹാസം; 25 ാം വയസില്‍ സ്വന്തമായി അക്കാദമി തുടങ്ങിയ മിടുമിടുക്കി, ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നതിനു പിന്നില്‍…

ന്യൂഡല്‍ഹി: ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റു മരിച്ച രാധിക യാദവ്, സംസ്ഥാന തല മത്സരങ്ങളില്‍ ഉള്‍പ്പെടെ മെഡലുകള്‍ നേടിയ ടെന്നിസ് താരം. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതിനായി ഗുരുഗ്രാമില്‍ ടെന്നിസ് അക്കാദമിയും നടത്തിയിരുന്ന ഇരുപത്തഞ്ചുകാരിയായ രാധിക, ഒടുവില്‍ കൊല്ലപ്പെട്ടതും അതേ ടെന്നിസ് അക്കാദമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനാണ് പിതാവ് ദീപക് യാദവ് മകളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളില്‍ ചിലരും ദീപക് യാദവിനെ കളിയാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതില്‍ ക്രുദ്ധനായാണ് ദീപക് യാദവ് മകളോട് അക്കാദമി പൂട്ടാന്‍ ആവശ്യപ്പെട്ടത്. പിതാവ് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും, അക്കാദമി പൂട്ടാന്‍ രാധിക തയാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ദീപക് മകള്‍ക്കുനേരെ വെടിയുതിര്‍ത്തത്.

Signature-ad

”ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാന്‍ ദീപക് യാദവ് മകളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാധിക ഈ ആവശ്യം നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉടലെടുത്ത തര്‍ക്കത്തിനു പിന്നാലെയാണ് ദീപക് രാധികയ്ക്കു നേരെ നിറയൊഴിച്ചത്’ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ യശ്വന്ത് യാദവ് വിശദീകരിച്ചു.

മകളുടെ കരിയറിനെക്കുറിച്ചും സ്വന്തമായുള്ള വരുമാനത്തെക്കുറിച്ചും ചുറ്റുമുള്ളവര്‍ തുടര്‍ച്ചയായി കളിയാക്കിയതോടെ ദീപക് യാദവ് വിഷാദത്തിന് അടിപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. എല്ലാവരും പരിഹസിച്ചതോടെ അഭിമാനം വ്രണപ്പെട്ടെന്നും ഇതോടെയാണ് മകള്‍ക്കെതിരെ നിറയൊഴിച്ചതെന്നും ദീപക് യാദവ് പൊലീസിനു മൊഴി നല്‍കിയതായി എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ പഠനകാലം മുതലേ ടെന്നിസ് കോര്‍ട്ടില്‍ സജീവമായിരുന്ന രാധിക യാദവ്, സംസ്ഥാന തലത്തില്‍ ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇടക്കാലത്ത് തോളിനു പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലും അക്കാദമിയിലെത്താനും യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനും രാധിക ശ്രദ്ധിച്ചിരുന്നു. ടൂര്‍ണമെന്റുകളില്‍ വിജയിക്കുമ്പോള്‍ പിതാവിനൊപ്പം കിരീടവുമായി ആനന്ദനൃത്തം ചവിട്ടുന്ന റീലുകള്‍ ഉള്‍പ്പെടെ രാധിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: