ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹൂതികള്‍; ചെങ്കടലിലെ കപ്പല്‍ മുക്കി; അടുത്തടെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണം; ചരക്കു നീക്കത്തില്‍ വീണ്ടും ആശങ്ക

യെമന്‍: ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിച്ച് ഹൂതി വിമതര്‍. ചെങ്കടലിലൂടെ പോയ ലൈബീരിയന്‍ കപ്പലാണ് ഹൂതികള്‍ ആക്രമിച്ച് മുക്കിയത്. കപ്പലിലുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറുപേരെ രക്ഷപെടുത്തി. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എറ്റേണിറ്റി എന്ന കപ്പലാണ് മുങ്ങിയത്. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് കരുതുന്നത്.
ഒരു മണിക്കൂറോളം ഹൂതികളുടെ ആക്രമണം നീണ്ടു നിന്നുവെന്നും റോക്കറ്റുകളിലൂടെ ഗ്രനേഡുകളും ചെറുബോംബുകളും കപ്പലിന് നേരെ വര്‍ഷിക്കുകയായിരുന്നുവെന്നും പിന്നാലെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചും, ഇതല്ലാതെ ബോട്ടുകളിലെത്തി ബോംബെറിഞ്ഞും ആക്രമണം നടത്തിയെന്നും യൂറോപ്യന്‍ യൂണിയന്റെ സൈന്യം വെളിപ്പെടുത്തുന്നു. ബുധനാഴ്ച പുലര്‍ച്ചെ 7.50 ഓടെയാണ് എറ്റേണിറ്റി ഇ മുങ്ങിയത്. കപ്പല്‍ കമ്പനി യൂറോപ്യന്‍ യൂണിയന്റെ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വര്‍ഷം ഒരു ട്രില്യണിലേറെ ചരക്കുകളാണ് ഈ പാതവഴി പോകുന്നത്. 2023 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ നൂറിലേറെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്നും ഗാസയിലെ രക്തച്ചൊരിച്ചില്‍ ഇസ്രയേല്‍ അവസാനിപ്പിക്കാതെ ആക്രമണം നിര്‍ത്തില്ലെന്നും ഹൂതികള്‍ ആവര്‍ത്തിച്ചിരുന്നു.
ഞായറാഴ്ച ചരക്കുകപ്പലായ മാജിക് സീസിന് നേരെയും ഹൂതി ആക്രമണം ഉണ്ടായിരുന്നു. ഇതോടെ ചെങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിന്റെ സുരക്ഷയെ ചൊല്ലി വീണ്ടും ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഇസ്രയേല്‍ഹമാസ് വെടിനിര്‍ത്തല്‍ ധാരണകള്‍ സജീവ ചര്‍ച്ചയിലിരിക്കെയാണ് ഹൂതികളുടെ ആക്രമണം. അതിനിടെ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹൂതികള്‍ യെമനില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ തൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം വ്യോമപ്രതിരോധം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
അതേസമയം, ആഴ്ചയില്‍ രണ്ട് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായ സ്ഥിതി അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും പരിസ്ഥിതി നാശവും സാമ്പത്തിക നഷ്ടവും നിസാരമായി കാണാനാവില്ലെന്നും യുഎന്‍ പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രന്‍ഡ്ബര്‍ഗ് പ്രതികരിച്ചു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നും ഹൂതികള്‍ക്ക് ആയുധമടക്കമുള്ള പിന്തുണ നല്‍കുന്നത് ഇറാന്‍ സൈന്യമാണെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറുകയാമെന്നും യുഎസ് വക്താവ് റ്റാമി ബ്രൂസ് പ്രതികരിച്ചു. ഹൂതികളുടെ ഭീകരാക്രമണത്തിന് നേരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നതാണ് യുഎസ് നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.






