IndiaNEWS

പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു, തിരുപ്പതി ദേവസ്വം ജീവനക്കാരനെ പുറത്താക്കി

വിശാഖപട്ടണം: ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരനെ സസ്‌പെന്‍ഡുചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിരുപ്പതി പുട്ടൂര്‍ സ്വദേശി എ രാജശേഖരബാബുവിനെയാണ് തിരുപ്പതി ദേവസ്വം ജോലിയില്‍ നിന്ന് മാറ്റിനിറുത്തിയത്. ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നു എന്ന് കണ്ടെതിനെത്തുടര്‍ന്നാണ് നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഹിന്ദുമത വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ ജോലിചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് സര്‍വീസ് നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ദേവസ്വംബോര്‍ഡിന് അനുമതി നല്‍കുന്നുണ്ട്. ഹിന്ദുമതാചാരപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം.

Signature-ad

രാജശേഖരബാബു പള്ളിയിലെ ഞായറാഴ്ച പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അന്യമതസ്ഥരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയായിരുന്നു നടപടി എടുക്കാന്‍ തീരുമാനിച്ചത്.

തിരുപ്പതി ദേവസ്വംബോര്‍ഡിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഹിന്ദുക്കളല്ലാത്ത ജീവനക്കാര്‍ക്ക് അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ മറ്റുവകുപ്പുകളിലേക്ക് മാറാനോ സ്വയം വിരമിക്കല്‍ സ്വീകരിക്കാനോ അവസരം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അദ്ധ്യാപകരും സാങ്കേതിക വിഭാഗം ജീവനക്കാരുള്‍പ്പെടെ പതിനെട്ടോളം പേരെ നേരത്തേ സമാനകാരണങ്ങളാല്‍ സ്ഥലംമാറ്റിയിരുന്നു.

Back to top button
error: