
ഭുവനേശ്വര്‍: ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് കുട്ടികളുടെ അപകടകരമായ റീല്‍സ് ചിത്രീകരണം. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികള്‍ റീല്‍സ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ കാണാനാവുന്നത്. ടാസ്‌ക് പൂര്‍ത്തിയാക്കി എഴുന്നേറ്റുവരുന്ന കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പോലീസ് കുട്ടികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്ന് കുട്ടികളെ പോലീസ് ചോദ്യംചെയ്തു. റെയില്‍പാളത്തില്‍ ഇത്തരം സാഹസികതകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയില്‍വേ അധികൃതരും മുന്നറിയിപ്പ് നല്‍കി.
ഇതിന് മുമ്പും ഇത്തരത്തില്‍ കടന്നുപോകുന്ന ട്രെയിനിന്റെ വാതിലില്‍ അപകടകരമായി യാത്രെചെയ്തും ട്രെയിനിന് മുകളില്‍ക്കയറിയും സെല്‍ഫിയെടുക്കാനും റീലുകള്‍ ചിത്രീകരിക്കാനും ശ്രമിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തിനേടുന്നതിനുള്ള ഇത്തരം ശ്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രക്ഷിതാക്കള്‍ കുട്ടികളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.