
തിരുവനന്തപുരം: തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ അറ്റ്‌ലസ് സി1 (എ 400എം) വിമാനത്തിലാണ് 12.45ന് എന്‍ജിനീയര്‍മാര്‍ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്.
തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു.

ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.