Breaking NewsKeralaLead NewsNEWSNewsthen SpecialSportsTRENDING

സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും

കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും.

ഠ സഞ്ജു- സാലി കൂട്ടുകെട്ട്

കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്.

Signature-ad

തൃശൂര്‍ ടൈറ്റന്‍സ് അവസാന ഘട്ടം വരെ സഞ്ജുവിനായി മല്‍സരരംഗത്തുണ്ടായിരുന്നു. 26.60 ലക്ഷം രൂപ വരെ അവര്‍ വിളിക്കുകയും ചെയ്തു. അതിനു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനെ അവര്‍ കൊച്ചിക്കു വിട്ടുകൊടുത്തത്. ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ചെലവഴിക്കാന്‍ അനുവദിക്കപ്പെട്ട തുക 50 ലക്ഷമായിരുന്നു. അതില്‍ 26 ലക്ഷവും സഞ്ജുവിനു നല്‍കിയാണ് കൊച്ചി വലിയ ചൂതാട്ടം നടത്തിയത്.

തങ്ങളുടെ പഴ്സിലുള്ള 50 ശതമാനത്തിലേറെ തുകയും സഞ്ജുവിനായി മുടക്കിയതിനാല്‍ തന്നെ പിന്നീട് വലിയ താരങ്ങളെയൊന്നും വാങ്ങാന്‍ അവര്‍ക്കു സാധിച്ചതുമില്ല. സഞ്ജു കഴിഞ്ഞാല്‍ കൊച്ചി പിന്നീട് കൂടുതല്‍ പണം ചെലവിച്ചത് ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനു വേണ്ടിയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ താരമായ അദ്ദേഹത്തിനായി 3.2 ലക്ഷം അവര്‍ മുടക്കി.

അതിനു ശേഷം കേരളാ ടീമിലെ മിന്നും താരമായ വിനൂപ് മനോഹരനെ മൂന്നു ലക്ഷം രൂപയ്ക്കും അഖിന്‍ സത്താറിനെ ഇതേ തകയ്ക്കും കൊച്ചി സ്വന്തമാക്കുകയായിരുന്നു. മറ്റാര്‍ക്കും തന്നെ അവര്‍ മൂന്നു ലക്ഷത്തിനു മുകളില്‍ ചെലവഴിച്ചിട്ടുമില്ല. എന്നാല്‍ സഞ്ജുവിന്റെ ചേട്ടനായ സാലി സാംസണിനെ വാങ്ങാന്‍ വെറും 75,000 രൂപ മാത്രമേ കൊച്ചിക്കു വേണ്ടി വന്നുളളൂ.

ആരാണു സാലി?

സഞ്ജു സാംസണിന്റെ മൂത്ത സഹോദരനായ സാലി സാംസണ്‍ നേരത്തേ കേരളത്തിനായി ജൂനിയന്‍ ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ്. അനുജനപ്പോലെ അഗ്രസീവ് ശൈലിയുടെ വക്താവ് കൂടിയാണ് സാലിയും. വലംകൈയന്‍ ബാറ്റര്‍ മാത്രമല്ല, ഓള്‍റൗണ്ടറും കൂടിയാണ് അദ്ദേഹം. സഞ്ജുവിനേക്കാള്‍ കഴിവുള്ള താരമെന്നാണ് ഒരു സമയത്തു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷെ കരിയര്‍ പ്രതീക്ഷിച്ച ലെവിലേക്കു എത്തിയതുമില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആറു മല്‍സരങ്ങളില്‍ സാലി കളിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍, സാലി സാംസണ്‍, അഖില്‍ കെജി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിഖ്, ജോബിന്‍ ജോബി, രാകേഷ് കെജെ, അഫ്രാദ് എന്‍, വിപുല്‍ ശക്തി, മുഹമ്മദ് ഷാനു, അജീഷ് കെ, ജെറിന്‍ പിഎസ്, നിഖില്‍ തൊറ്റത്ത്, അഖിന്‍ സത്താര്‍, കെഎം ആസിഫ്, വിനൂപ് മനോഹരന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: