
ഒരു കുഞ്ഞിനായുള്ള ദമ്പതികളുടെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് നിർമ്മിത ബുദ്ധി (AI) എന്ന സാങ്കേതികവിദ്യ ആസ്വപ്നം സാക്ഷാത്കാരിച്ചിരിക്കുന്നു. ചെറിയ സംശയങ്ങൾക്ക് ഉത്തരം നൽകുന്നത് മുതൽ സങ്കീർണ്ണമായ പ്രോജക്റ്റുകൾ ചെയ്യുന്നത് വരെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും എഐയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ, ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഒരു പരിഹാരം എഐ കണ്ടെത്തി എന്നത് വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.ഈ സുപ്രധാന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ്.

പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികളാണ് എഐയുടെ സഹായത്താൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭധാരണം സാധ്യമാക്കിയത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ക്ലിനിക്കുകളിൽ ഇവർ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.
പുരുഷ പങ്കാളിയുടെ അസൂസ്പെർമിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഗർഭധാരണം തടയാൻ കാരണം. ബീജത്തിൽ അളക്കാവുന്ന ബീജകോശങ്ങൾ ഇല്ലാത്ത അവസ്ഥയാണിത്. സാധാരണഗതിയിൽ ആരോഗ്യമുള്ള ബീജ സാമ്പിളിൽ ഒരു മില്ലിലിറ്ററിൽ ദശലക്ഷക്കണക്കിന് ബീജകോശങ്ങൾ ഉണ്ടാകാറുണ്ട്.
എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കുമ്പോളാണ് ഇവർ കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെന്ററിലെ നൂതന സാങ്കേതികവിദ്യയെക്കുറിച്ച് അറിയുന്നത്. പുരുഷന്മാരിൽ ഒളിഞ്ഞിരിക്കുന്ന ബീജത്തെ തിരിച്ചറിയാൻ എഐ ഉപയോഗിക്കുന്ന STAR (Sperm Tracking and Recovery) എന്ന രീതി കൊളംബിയ യൂണിവേഴ്സിറ്റി വികസിപ്പിച്ചിരുന്നു. ഈ എഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ദമ്പതികൾക്ക് അനുഗ്രഹമായി മാറിയത്.
കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെന്റർ ഡയറക്ടർ ഡോ. സേവ് വില്യംസും സഹപ്രവർത്തകരും 5 വർഷത്തെ തീവ്ര ഗവേഷണത്തിനൊടുവിലാണ് STAR രീതി വികസിപ്പിച്ചത്. ആദ്യമായാണ് ഇത് യഥാർത്ഥ ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തുന്നത്.
ഫെർട്ടിലിറ്റി സെന്ററിലെ ഗവേഷകർ എഐ അധിഷ്ഠിത സിസ്റ്റം ഉപയോഗിച്ച് ബീജ സാമ്പിൾ സൂക്ഷ്മമായി പരിശോധിക്കുകയും, മറഞ്ഞിരിക്കുന്ന ബീജകോശങ്ങളെ കണ്ടെത്തുകയും ചെയ്തു. ഇങ്ങനെ വീണ്ടെടുത്ത ബീജം ഉപയോഗിച്ച് IVF വഴി ഭാര്യയുടെ അണ്ഡത്തിൽ ബീജസങ്കലനം നടത്തി. ഇതോടെ, STAR രീതി ഉപയോഗിച്ച് ഗർഭം ധരിച്ച ആദ്യത്തെ സ്ത്രീയായി അവർ മാറി. താൻ ഗർഭിണിയാണെന്ന് വിശ്വസിക്കാൻ തന്നെ രണ്ട് ദിവസമെടുത്തെന്ന് യുവതി പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈ സാങ്കേതികവിദ്യ വന്ധ്യതാ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു. വന്ധ്യത മൂലം സന്താനഭാഗ്യം ലഭിക്കാത്ത ദമ്പതികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു.