ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് ചെയ്തവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവുമുണ്ടായി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്..
കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഇവര്‍, കുളിക്കുന്നതിനായി ശുചിമുറിയില്‍ പോയ സമയത്താണ് കെട്ടിടഭാഗം നിലംപൊത്തിയത്. ഇതോടെ ഇതിനടിയില്‍പ്പെട്ട് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്.