കദളിപ്പഴം, വെണ്ണ, ചൂല്‍ മുതല്‍ ഇ സ്‌കൂട്ടറും ടാങ്കര്‍ ലോറിയും വരെ… ഗുരുവായൂരപ്പന് സമര്‍പ്പിക്കപ്പെടുന്ന വഴിപാടുകള്‍

തൃശൂര്‍: ഗുരുവായൂരപ്പനെ കാണാനായി വരുമ്പോള്‍ ഒരു കദളിപ്പഴമെങ്കിലും കൈയില്‍ കരുതാത്തവരായി ആരുമുണ്ടാകില്ല. അതുമല്ലെങ്കില്‍ ഒരു രൂപയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രം ഭണ്ഡാരത്തില്‍ സമര്‍പ്പിക്കാതെ ആരും മടങ്ങാറുമില്ല. ഇത്തരത്തില്‍ ഓരോ ദിവസവും ഗുരുവായൂരപ്പനു സമര്‍പ്പിക്കപ്പെടുന്ന സാധനങ്ങളുടെ പട്ടിക അമ്പരപ്പിക്കുന്നതാണ്. കദളിപ്പഴം മുതല്‍ വലിയ വാഹനങ്ങള്‍ വരെ നീളുന്നു ആ പട്ടിക. പണവും സ്വര്‍ണം, വെള്ളിയും വേറെയും.
ഭക്തനും ഗുരുവായൂരപ്പനും തമ്മിലുള്ള ആത്മബന്ധമാണിതെന്നു ഗുരുവായൂര്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ പറയുന്നു. ഭക്തര്‍ക്ക് ഇഷ്ടമുള്ളതെന്തും ഇവിടെ സമര്‍പ്പിക്കാം. പെന്‍സില്‍, പേന, വഹാനങ്ങളടക്കമുള്ള വിലയേറിയ വസ്തുക്കള്‍, നെയ്യ്, വെണ്ണ, കദളിപ്പഴം തുടങ്ങിയ പലതും ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതെല്ലാം സൂക്ഷിക്കുകയും ബാക്കിയുള്ളത് ലേലം ചെയ്യുകയും ചെയ്യുകയുമാണ് പതിവ്. ആരോഗ്യത്തിനായി ചേന, ആരോഗ്യത്തിനും സമൃദ്ധിക്കും കടുക്, മാതാപിതാക്കളുടെ ക്ഷേമത്തിനു തൊട്ടില്‍, മുടി വളര്‍ച്ചയ്ക്ക് ചൂല്‍, കുട്ടികളുടെ ക്ഷേമത്തിനായി കുന്നിക്കുരു എന്നിവയെല്ലാം ഭക്തര്‍ ഇഷ്ട വഴിപാടുകളായി സമര്‍പ്പിക്കുന്നു. പ്രസാദ ഊട്ടിനായി വിളമ്പുന്ന ഭക്ഷണം തയ്യാറാക്കാന്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നു. വഴിപാടായി നല്‍കുന്ന അരി ചാക്കുകള്‍ ദേവന് പായസം അല്ലെങ്കില്‍ നിവേദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു- പ്രമോദ് കളരിക്കല്‍ വ്യക്തമാക്കി.

ഏകദേശം 50 വര്‍ഷം മുന്‍പ് ചെന്നൈയില്‍ നിന്നുള്ള ബാലകൃഷ്ണന്‍ നെടുങ്ങാടി എന്ന ഭക്തന്‍ ക്ഷേത്രത്തില്‍ ഒരു അപൂര്‍വ വഴിപാട് സമര്‍പ്പിച്ചു. ഒരു വീല്‍ചെയര്‍. അദ്ദേഹത്തിനു തളര്‍വാതം പിടിപെട്ടപ്പോള്‍ ഒരു ഡോക്ടറാണ് നാരായണീയം എഴുതിയ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ കഥ പോലെ ഗുരുവായൂരപ്പനെ ഭജിക്കാന്‍ നിര്‍ദ്ദേശിച്ചത്. ചെന്നൈയിലെ തന്റെ വീട്ടില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേ?ഹം പ്രാര്‍ഥനകളുമായി മുഴുകി. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ക്ക് ഫലം ലഭിച്ചു. അദ്ദേഹം സുഖം പ്രാപിച്ചതായും പറയപ്പെടുന്നു. ദേവതയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം ക്ഷേത്രത്തില്‍ ഒരു വീല്‍ചെയര്‍ സമര്‍പ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്താറുണ്ടായിരുന്നത് പ്രസിദ്ധമായിരുന്നു. അദ്ദേഹം വരുമ്പോഴെല്ലാം കദളിക്കുല വഴിപാടായി സമര്‍പ്പിക്കാറുണ്ടായിരുന്നുവെന്നു മുന്‍ ക്ഷേത്രം മാനേജരായിരുന്ന പരമേശ്വര അയ്യര്‍ ഓര്‍ക്കുന്നു. എല്ലാ മാസവും ആദ്യ ദിവസം അദ്ദേഹം ക്ഷേത്രം സന്ദര്‍ശിക്കുകയും ഒരു കദളിക്കുല സമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കോണ്‍ഗ്രസ് അനുയായികളും മറ്റ് രാഷ്ട്രീയക്കാരും പ്രമുഖരും ഇപ്പോള്‍ ഇത്തരത്തില്‍ കദളിക്കുല വഴിപാടായി സമര്‍പ്പിക്കുന്നുണ്ടെന്നും അയ്യര്‍ വ്യക്തമാക്കി.
മറ്റ് മതങ്ങളില്‍ നിന്നുള്ളവരും വഴിപാടുകള്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച് തുലാഭാരം. അത്തരം സന്ദര്‍ഭങ്ങളില്‍, തുലാഭാരം ക്ഷേത്രത്തിനു പുറത്ത്, വിവാഹങ്ങള്‍ക്ക് ഉപയോഗിക്കുന്ന മണ്ഡപത്തിന് സമീപം നടത്തപ്പെടുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, വാഹന നിര്‍മാതാക്കളായ ടിവിഎസ് അവരുടെ ഏറ്റവും പുതിയ ലോഞ്ച് ഇറക്കുമ്പോഴെല്ലാം ആദ്യ വണ്ടി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കമ്പനി അഞ്ച് ടിവിഎസ് ഐക്യുബ് ഇ-സ്‌കൂട്ടറുകള്‍ വഴിപാടായി സമര്‍പ്പിച്ചു. ഓരോന്നിനും ഏകദേശം 1.2 ലക്ഷം വില വരും.
അങ്കമാലിയിലെ അഡ്ലക്‌സ് മെഡിസിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ജൂലൈ 2ന് ക്ഷേത്രത്തിന് ഒരു ടാങ്കര്‍ ലോറിയാണ് വഴിപാടായി സമര്‍പ്പിച്ചത്. 12,000 ലിറ്റര്‍ ശേഷിയുള്ള ഈ വാഹനങ്ങള്‍ ജല വിതരണത്തിനായി ഉപയോഗിക്കാം.
അതിനിടെ 2022ല്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച മഹീന്ദ്ര ഥാറിനെച്ചൊല്ലി വിവാദവുമുണ്ടായിരുന്നു. ദേവസ്വം വളരെ കുറഞ്ഞ ലേലത്തില്‍ (15.10 ലക്ഷത്തിന്) ഇത് ലേലം ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദത്തിലായത്. പുനര്‍ലേലത്തില്‍ കാര്‍ 43 ലക്ഷത്തിന് വിറ്റു.
ജൂണ്‍ മാസത്തിലെ ക്ഷേത്രത്തിലെ ഭണ്ഡാര വരുമാനം 7.25 കോടി രൂപയായിരുന്നു. 2.672 കിലോഗ്രാം സ്വര്‍ണവും 14.24 കിലോഗ്രാം വെള്ളിയും ലഭിച്ചു. എല്ലാ മാസവും ഭണ്ഡാരം വഴി മാത്രം കുറഞ്ഞത് 1.5 കിലോഗ്രാം സ്വര്‍ണവും 3 കിലോഗ്രാം വെള്ളിയും വഴിപാടായി ലഭിക്കാറുണ്ട്. അതിനൊപ്പം തന്നെ നിരോധിച്ച നോട്ടുകളും കിട്ടാറുണ്ട്. നോട്ട് നിരോധനം കഴിഞ്ഞിട്ട് 9 വര്‍ഷം പിന്നിട്ടിട്ടും ഇതിനു മാറ്റം വന്നിട്ടില്ലെന്നു അധികൃതര്‍ പറയുന്നു.
അസാധുവാക്കപ്പെട്ട 2000ത്തിന്റെ നോട്ടുകളും പഴയ 1000, 500 രൂപകളുടെ കറന്‍സികളും ഇപ്പോഴും വരുന്നുണ്ട്. ജൂണ്‍ മാസത്തില്‍ 58,000 രൂപയുടെ 2000ത്തിന്റെ നോട്ടുകളും 19,000 രൂപയുടെ 1000ത്തിന്റെ നോട്ടുകളും 24,000 രൂപയുടെ പഴയ 500ന്റെ നോട്ടുകളും കിട്ടിയിട്ടുണ്ട്. ഇതു മാറ്റി കിട്ടാനുള്ള ശ്രമത്തിലാണ് ദേവസ്വം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാറുണ്ടെന്നും അധികൃതര്‍ പറയുന്നു.