CrimeNEWS

കണ്ടെടുത്ത് രണ്ട് താലിമാല! ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊന്നു, കാമുകനുമായി രഹസ്യവിവാഹം; കൂസലില്ലാതെ സോനം

ഭോപ്പാല്‍/ഷില്ലോങ്: രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും കൊലപാതകത്തിന് ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും സഹോദരന്‍ പറഞ്ഞു.

മേഘാലയ പോലീസ് രണ്ട് താലിമാലകളാണ് കണ്ടെടുത്തത്. അതിലൊന്ന് മേയ് 11-ന് രാജ രഘുവംശി വിവാഹംചെയ്ത ദിവസം അണിയിച്ചതാണ്. എന്നാല്‍, രണ്ടാമത്തെ താലിമാല സോനത്തിന്റെ കാമുകന്‍ അണിയിച്ചതാകാം. രാജ രഘുവംശിയെ കൊലപ്പെടുത്തിയശേഷം അവര്‍ രണ്ടുപേരും രഹസ്യമായി വിവാഹംചെയ്തിട്ടുണ്ടാകുമെന്നും രാജ രഘുവംശിയുടെ സഹോദരന്‍ വിപിന്‍ പറഞ്ഞു.

Signature-ad

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.

പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും നിര്‍ണായകമായി.

സംഭവത്തില്‍ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു. ഇതിനിടെ, യുവതി കൊലയാളികളായ മൂന്നുപേരുമായി സംസാരിക്കുന്നതിന്റെ ചില സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുവെച്ചാണ് സോനവും വാടക കൊലയാളികളും പരസ്പരം സംസാരിച്ചുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. പിന്നാലെ, സോനത്തിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ രാജ് കുശ്വാഹ എന്നയാളുമായി യുവതി അടുപ്പത്തിലാണെന്ന വിവരവും സ്ഥിരീകരിച്ചു. ഇതോടെയാണ് സോനം രഘുവംശിയെ പിടികൂടാനായി ‘ഓപ്പറേഷന്‍ ഹണിമൂണ്‍’ എന്ന പേരില്‍ ജൂണ്‍ ഏഴാം തീയതി മുതല്‍ മേഘാലയ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോനം, കാമുകന്‍ രാജ് കുശ്വ എന്നിവരുള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: