
കോട്ടയം: മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ധനസഹായമായി നല്‍കുമെന്ന് എംഎല്‍എ ചാണ്ടി ഉമ്മന്‍. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇതിലേക്കായി ബഹ്റൈന്‍ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിള കമ്മിറ്റി ഒരു ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കൈമാറുമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വേണമെന്ന് വച്ചാല്‍ എല്ലാം നടക്കും. വേണ്ടെന്ന് വച്ചാല്‍ ഒന്നും നടക്കില്ലെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനു ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു സംസ്‌കാര ചടങ്ങിനുള്ള ചെലവിനായി 50,000 രൂപ ഇന്നു നല്‍കും. ബാക്കി ധനസഹായം പിന്നാലെ നല്‍കും. ഇന്നലെ മൂന്നു തവണ വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നത്. ഇന്ന് വൈകിട്ടു തന്നെ വീട്ടിലേക്ക് പോകുമെന്നും വാസവന്‍ പറഞ്ഞു.

ഇന്നലെ വിവരം അറിഞ്ഞപ്പോള്‍ തന്നെ അവിടെയെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് മാധ്യമങ്ങളോട് പറഞ്ഞത്. പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടുകയാണ് ചിലര്‍. ഞങ്ങളുടെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ ബിന്ദുവിന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അവിടെ പ്രക്ഷോഭക്കാര്‍ ഉണ്ടായിരുന്നു. വെറുതെ ചാനലുകാരെ കൂട്ടി ഷോ ഉണ്ടാക്കുകയായിരുന്നു പ്രക്ഷോഭകാരികളുടെ ലക്ഷ്യം. കുട്ടിയുടെ ചികിത്സ ഉറപ്പാക്കണം, ധനസഹായം നല്‍കണം, ഭാവി സംബന്ധമായ സുരക്ഷിതത്വം എന്നീ മൂന്നു കാര്യങ്ങളില്‍ വീട്ടുകാരുമായി ആശയവിനിമയം നടത്തിയെന്നും വാസവന്‍ പറഞ്ഞു.
ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചു എന്നൊക്കെയുള്ളത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞത്. മറ്റ് രൂപങ്ങളിലേക്ക് വ്യാഖ്യാനിക്കുന്നത് ശരിയല്ല. യന്ത്രം അകത്തേക്ക് കൊണ്ടു പോകാന്‍ അല്‍പം പ്രയാസം നേരിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ആശുപത്രിയാണ്. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഉണ്ടായത് കോട്ടയം മെഡിക്കല്‍ കോളജിലാണ്. മെഡിക്കല്‍ കോളജിനെ ആകെ ആക്ഷേപിച്ച് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഗുണകരമല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയില്‍ എന്ന റിപ്പോര്‍ട്ട് വന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വാസവന്‍ പറഞ്ഞു.