
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളേജ് സംഭവത്തിനുപിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. വീണാ ജോര്‍ജിന് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.
‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്.’ ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷത്തുനിന്നുമാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പരസ്യമായി മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട ഇരവിപേരൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എന്‍. രാജീവാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളില്‍നിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളില്‍നിന്നും. കൊടുത്താല്‍ എവിടെ വേണമെങ്കിലും കിട്ടും എന്നും പോസ്റ്റില്‍ പറയുന്നു.
അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി ആരോപണത്തിലാണ് എന്‍. രാജീവിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്‌പെന്‍ഡുചെയ്തത്.