
നോര്‍താംപ്ടന്‍: ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ തേരോട്ടം തുടരുന്നു. ആദ്യ 19 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 48 റണ്‍സും രണ്ടാം മത്സരത്തില്‍ 34 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 45 റണ്‍സും ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ 31 പന്തില്‍ ആറു ഫോറും ഒന്‍പതു സിക്‌സും സഹിതം 86 റണ്‍സും നേടിയാണു വൈഭവിന്റെ കുതിപ്പ്. ഐപിഎലില്‍ എവിടെ നിര്‍ത്തിയോ, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവിടെവച്ചു തന്നെ തുടങ്ങിയ മട്ടിലാണ് താരത്തിന്റെ തേരോട്ടം.
നോര്‍താംപ്ടനിലെ കൗണ്ടി ഗ്രൗണ്ടില്‍ 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണ് വൈഭവിന്റേത്. 2016ല്‍ നേപ്പാളിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോര്‍ഡ്.

ഇതിനു പുറമേ ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്‌സര്‍ മഴ പെയ്യിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. നോര്‍താംപ്ടനില്‍ മൂന്നാം ഏകദിനത്തില്‍ അടിച്ചുകൂട്ടിയ ഒന്‍പതു സിക്‌സറുകളും റെക്കോര്‍ഡാണ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഒരു യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി വൈഭവ് മാറി. 2009ല്‍ ഓസീസിനെതിരെ എട്ടു സിക്‌സടിച്ച മന്‍ദീപ് സിങ്ങിന്റെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്.
ഹോവിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന ഒന്നാം യൂത്ത് ഏകദിനത്തില്‍ 174 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ജയിച്ച ഇന്ത്യയ്ക്ക്, ഓപ്പണറായി എത്തിയ വൈഭവിന്റെ പ്രകടനമാണ് കരുത്തായത്. ഐപിഎലിലെ മറ്റൊരു താരോദയമായ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്കൊപ്പം ഓപ്പണറായി എത്തി, 19 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം വൈഭവ് അടിച്ചുകൂട്ടിയത് 48 റണ്‍സ്. വൈഭവിന്റെ നേതൃത്വത്തില്‍ ട്വന്റി20 ശൈലിയില്‍ മുന്നേറിയ ടീം ഇന്ത്യ 24 ഓവറില്‍ വിജയത്തിലെത്തി.
നോര്‍താംപ്ടനിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന്റെ നേരിയ തോല്‍വി വഴങ്ങിയെങ്കിലും, 34 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 45 റണ്‍സെടുത്ത വൈഭവിന്റെ പ്രകടനം വീണ്ടും ശ്രദ്ധ നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ 179 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 14 ഫോറും 17 സിക്‌സും ഉള്‍പ്പെടുന്നു.