Breaking NewsLead NewsSportsTRENDING

ഇംഗ്ലണ്ടില്‍ റെക്കോഡിട്ട് ഗില്‍; 311 പന്തില്‍ ഡബിള്‍; 500 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച പ്രകടനം; ആദ്യ ഏഷ്യന്‍ ടീം ക്യാപ്റ്റന്‍

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഡബിള്‍ സെഞ്ചറി. 311 പന്തുകളില്‍നിന്നാണ് ഗില്‍ 200 റണ്‍സ് പിന്നിട്ടത്. രണ്ട് സിക്‌സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി. മത്സരം 128 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 508 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 334 പന്തില്‍ 230 റണ്‍സെടുത്തു ഗില്ലും 74 പന്തില്‍ 24 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറുമാണു ക്രീസില്‍. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഡബിള്‍ സെഞ്ചറി നേടുന്ന ആദ്യ ഏഷ്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണു ഗില്‍. അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയാണ് വെള്ളിയാഴ്ച പുറത്തായ ബാറ്റര്‍. 137 പന്തുകള്‍ നേരിട്ട ജഡേജ 89 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. 108ാം ഓവറില്‍ ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്.

ആദ്യ ദിനം 300 പിന്നിട്ട് ഇന്ത്യ

ഒന്നാംദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ആക്രമണ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു മികച്ച തുടക്കം നല്‍കിയത് ഓപ്പണര്‍ ജയ്‌സ്വാള്‍ ആണെങ്കില്‍ വിക്കറ്റ് നഷ്ടങ്ങള്‍ക്കിടയില്‍ മധ്യനിരയെ താങ്ങിനിര്‍ത്തിയത് ക്യാപ്റ്റന്‍ ഗില്ലാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 66 റണ്‍സും ഇന്നിങ്‌സില്‍ നിര്‍ണായകമായി. ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും ഗില്‍ സെഞ്ചറി നേടിയിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ന്യൂബോളില്‍ താളം കണ്ടെത്താതെ വലഞ്ഞ കെ.എല്‍.രാഹുലിനെ (2) ക്രിസ് വോക്‌സ് ബോള്‍ഡാക്കി. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ കരുണ്‍ നായര്‍ (31) തുടര്‍ച്ചയായ ബൗണ്ടറികളിലൂടെ ഇന്ത്യയെ വിക്കറ്റ് വീഴ്ചയുടെ സമ്മര്‍ദത്തില്‍നിന്ന് കരകയറ്റി. അതുവരെ പതുങ്ങിനിന്ന ജയ്‌സ്വാളും കരുണിന്റെ വരവോടെ ആക്രമണത്തിലേക്കു തിരിഞ്ഞു. 90 പന്തില്‍ 80 റണ്‍സാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്.

Signature-ad

ജയ്‌സ്വാളിനു കൂട്ടായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ വീണ്ടും ആവേശമായി. ഗുഡ് ലെങ്ത് പന്തുകള്‍ക്കു മുന്‍പില്‍ പ്രതിരോധക്കോട്ട കെട്ടിയ ജയ്‌സ്വാള്‍ ഷോര്‍ട് ബോളുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സ്‌കോറുയര്‍ത്തിയത്. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 69 പന്തില്‍ 62 റണ്‍സ് നേടിയിരുന്ന ജയ്‌സ്വാള്‍ രണ്ടാം സെഷനില്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചു. ഒടുവില്‍ ആറാം ടെസ്റ്റ് സെഞ്ചറിക്ക് 13 റണ്‍സ് അകലെ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ടില്‍ ജയ്‌സ്വാള്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ ഏഴാം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്‌സ്വാള്‍ തുടര്‍ച്ചയായ ഏഴാം അര്‍ധ സെഞ്ചറിയാണ് ഇന്നലെ നേടിയത്. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഒരു സ്‌പെഷലിസ്റ്റ് ബാറ്ററുടെ കുറവോടെയാണ് ഇന്ത്യ ഇന്നലെ മത്സരത്തിനിറങ്ങിയത്. മധ്യനിരയില്‍ ലീഡ്‌സിലേതിനു സമാനമായ കൂട്ടത്തകര്‍ച്ച ഭയന്ന ഇന്ത്യയെ കാത്തത് ക്യാപ്റ്റന്‍ ഗില്ലിന്റെ കരളുറപ്പാണ്. നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പമുള്ള 47 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം ഋഷഭ് പന്ത് (25) പുറത്തായി. പ്രതീക്ഷയോടെയെത്തിയ നിതീഷ് കുമാറിന് (1) 6 പന്തുകള്‍ മാത്രമായിരുന്നു ആയുസ്സ്. 2 വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത 50 റണ്‍സിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍. എന്നാല്‍ ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി പുറത്താകാതെ നില്‍ക്കുന്ന ഗില്ലിന്റെയും രവീന്ദ്ര ജഡേജയും പോരാട്ടം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: