IndiaNEWS

മാലിയില്‍ തൊഴിലാളികളായ ഇന്ത്യക്കാരെ അല്‍ ക്വയിദ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങളുമായി ഇന്ത്യ

ബമാകോ: മാലിയിലെ സിമന്റ് ഫാക്ടറി തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ അല്‍ ക്വയിദ ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കയേസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ തോക്കുകളുമായി എത്തി ആക്രമണം നടത്തിയാണ് മൂന്നുപേരെ സംഘം തട്ടിക്കൊണ്ടുപോയത്. അല്‍ ക്വയിദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്ത് നുസ്രത് അല്‍ ഇസ്‌ളാം വല്‍ മുസ്‌ളിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, കാണാതായ തൊഴിലാളികളുടെ സുരക്ഷിതമായ വിടുതലിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. ആയുധധാരികളായ ഒരുസംഘം ഫാക്ടറി പരിസരത്ത് അതിക്രമിച്ച് കയറുകയും മൂന്ന് ഇന്ത്യന്‍ പൗരമാരെ ബലമായി പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. സംഭവത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് ശക്തമായി അപലപിക്കുന്നു. നമ്മുടെ പൗരന്മാര്‍ സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’- കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് ബമാകോയിലെ ഇന്ത്യന്‍ എംബസി മാലി അധികൃതരുമായും ഡയമണ്ട് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ബന്ദികളാക്കിയ തൊഴിലാളികളുടെ വീട്ടുകാരുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തു. മാലിയിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ ഭൂരിഭാഗവും സഹാറാമരുഭൂമിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: