ബാഗ് എടുക്കാനെന്ന് പറഞ്ഞ് ട്രെയിനില്‍നിന്ന് ഇറങ്ങിയില്ല, കുഞ്ഞിനെ സഹയാത്രികരെ എല്‍പ്പിച്ച് യുവതി മുങ്ങി

മുംബയ്: 15 ദിവസം മാത്രമുളള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. നവി മുംബയിലെ വാഷിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഹാര്‍ബര്‍ ലൈന്‍ ലോക്കല്‍ ട്രെയിനിലാണ് 30നും 35നും ഇടയില്‍ പ്രായമുള്ള യുവതി കുഞ്ഞുമായി യാത്ര ചെയ്തത്. വാതിലിന് സമീപത്ത് നിലത്താണ് യുവതി കുഞ്ഞുമായി ഇരുന്നത്. ഇതുകണ്ട സഹയാത്രികമാര്‍ യുവതിയോട് സുരക്ഷിതമായി ഇരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ യുവതിയും സഹയാത്രികരും പെട്ടെന്ന് സൗഹൃദത്തിലാകുകയായിരുന്നു.
യുവതിക്ക് സീവുഡ്‌സ് സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഒരുപാട് ബാഗുകള്‍ സ്റ്റേഷനില്‍ ഇറക്കാനുണ്ടെന്നും കുഞ്ഞിനെ ഒന്നുപിടിക്കാമോയെന്ന് യുവതി സഹയാത്രികരോട് ചോദിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ട്രെയിന്‍ സീവുഡ്‌സ് സ്റ്റേഷനില്‍ എത്തി. പ്ലാറ്റ്‌ഫോമില്‍ കുഞ്ഞുമായി ഇറങ്ങി നിന്ന സ്ത്രീകള്‍, ബാഗെടുക്കാനായി പോയ യുവതിയ്ക്കായി കാത്തുനിന്നു. എന്നാല്‍ യുവതി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയില്ല. പിന്നാലെ ട്രെയിന്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു. യുവതി അബദ്ധത്തില്‍ ട്രെയിനില്‍ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരില്‍ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാര്‍ കുഞ്ഞുമായി ഒരുപാട് സമയം പ്ലാറ്റ്‌ഫോമില്‍ തന്നെ കാത്തിരുന്നു.

വൈകുന്നേരമായിട്ടും യുവതി എത്താതെ വന്നതോടെയാണ് സഹയാത്രികര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ സിസിടിവി ദൃശ്യങ്ങളെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി പന്‍വേലിന് തൊട്ടുമുന്‍പുള്ള ഖാന്ദേശ്വര്‍ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്. രണ്ട് ദിവസം മുന്‍പ് താനെ ഭിവണ്ടിയില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ റോഡരികിലെ ബാസ്‌ക്കറ്റില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞിരുന്നു. ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.