പ്രളയ സമയത്ത് പ്രഖ്യാപിച്ചത് 1000 വീടുകള്‍; ഉരുള്‍ പൊട്ടിയപ്പോള്‍ 100; കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ആവിയായി; സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് പണം കൊടുത്ത്; ലീഗടക്കം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ പണം ബാങ്കിലിട്ട് അടയിരുന്ന് യൂത്ത് കോണ്‍ഗ്രസ്; 88 ലക്ഷത്തിന് 30 വീടെന്നത് സ്വപ്‌നം മാത്രം
ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല. 25 വീട് വാഗ്ദാനം ചെയ്ത ഡിവൈഎഫ്‌ഐ 100 വീടിനായി 20 കോടി നല്‍കി. നേരത്തേ, 2018 ഓഗസ്റ്റ് 21ന് പ്രളയ ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിക്കുമെന്നു കെപിസിസി പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല

കൊച്ചി: ചെറുസംഘടനകള്‍ പോലും ആക്രിവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും കോടികള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിട്ടും യൂത്ത് കോണ്‍ഗ്രസിന് പിരിക്കാന്‍ കഴിഞ്ഞത് 88 ലക്ഷം രൂപമാത്രം. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള യൂത്ത് കോണ്‍ഗ്രസ് പത്തുരൂപവീതം നല്‍കിയിരുന്നെങ്കില്‍ ഇതില്‍കൂടുതല്‍ സംഭാവന ലഭിക്കുമെന്നാണ് മറ്റു യുവജന സംഘടനകളുടെ പരിഹാസം. ഇന്ത്യയില്‍ രണ്ടുകോടി അംഗങ്ങളുള്ള സംഘടയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് അവരുടെ വെബ്‌സൈറ്റ് അവകാശപ്പടുന്നു.
അതിനിടെ യൂത്ത് കോണ്‍ഗ്രസ് കത്തു നല്‍കിയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങളും രംഗത്തെത്തി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമിയേറ്റെടുക്കലില്‍ ഉണ്ടായ കേസുകളും കോടതി നടപടികളുമാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹാരിസണ്‍ നല്‍കിയ നഷ്ടപരിഹാര നടപടികളും മുന്നോട്ടുള്ള നീക്കുപോക്കിനെ ബാധിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനു ഭൂമി ഏറ്റെടുത്തു നല്‍കുകയെന്നതു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു.

ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല. 25 വീട് വാഗ്ദാനം ചെയ്ത ഡിവൈഎഫ്‌ഐ 100 വീടിനായി 20 കോടി നല്‍കി. നേരത്തേ, 2018 ഓഗസ്റ്റ് 21ന് പ്രളയ ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിക്കുമെന്നു കെപിസിസി പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. 50 കോടി ചെലവില്‍ ആയിരം വീട് നിര്‍മിക്കുമെന്നും ഓരോ മണ്ഡലം കമ്മിറ്റിയും അഞ്ചുലക്ഷം വീതം പിരിക്കുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം. ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സി വഴി കണ്ടെത്തും. ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം ശാഖയില്‍ അക്കൗണ്ട് തുടങ്ങി. പക്ഷേ, അതു പാതിയില്‍ പാളി.
പിന്നീട് 500 വീടു നിര്‍മിക്കുമെന്നു 2019 ജൂലൈ മൂന്നിനു മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറ്റിപ്പറഞ്ഞു. വേണ്ടത്ര പണമെത്തിയില്ലെന്നും 371 വീടു പൂര്‍ത്തിയാക്കുമെന്നും 2019 ജൂലൈ ഒമ്പതിനു എം.എം. ഹസനും പറഞ്ഞു. പിന്നാലെ ഫണ്ട് കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് അറിയിച്ചു മണ്ഡലം കമ്മിറ്റികള്‍ രംഗത്തുവന്നു. ഈ പദ്ധതി പിന്നീട് പാതിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രളയബാധിതര്‍ക്കായി എത്ര വീടു നിര്‍മിച്ചെന്ന് ഇപ്പോഴും വ്യക്തതയില്ലെങ്കിലും ആയിരത്തിലധികം വീടുകള്‍ നിര്‍മിച്ചെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ആര്‍ക്കൊക്കെ വീടു നല്‍കിയെന്നു ചൂണ്ടിക്കാട്ടി അവരുടെ വിലാസമോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു നിരവധി സംഘടനകള്‍ പിന്നീടു രംഗത്തുവന്നു. ചിലര്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി. സര്‍ക്കാര്‍ 408 കുടുംബങ്ങള്‍ക്കാണു ആദ്യഘട്ടത്തില്‍ വീടു നിര്‍മിക്കുന്നത്. 108 കുടുംബങ്ങള്‍ അവിടെനിന്നു മാറാന്‍ തീരുമാനിച്ചു. അവര്‍ ടൗണ്‍ഷിപ്പിലേക്കു വരേണ്ടതില്ലെന്നാണു തീരുമാനിച്ചത്. കല്‍പറ്റയിലെ കണ്ണായ സ്ഥലത്താണു ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ആദ്യം പൂര്‍ണമായി വീടു നശിച്ച 220 പേരെ കണ്ടെത്തി. ഭാവിയില്‍ ദുരന്തമുണ്ടായേക്കാമെന്നു കമ്മിറ്റി കണ്ടെത്തിയ ആളുകള്‍ക്കു രണ്ടാമതായി അനുവദിച്ചു. ഒറ്റപ്പെട്ടുപോയ വീട്ടുകാര്‍ക്കും വീട് അനുവദിച്ചു. ഏഴു സെന്റില്‍ മുകളിലേക്ക് ഒരുനിലകൂടി ഭാവിയില്‍ പണിയാന്‍ കഴിയുന്ന രീതിയില്‍ ആയിരം ചതുരശ്രയടിയിലാണ് വീടു നിര്‍മാണം. ആദ്യത്തെ കെട്ടിടത്തിന്റെ നിര്‍മാണവും ആരംഭിച്ചു.
വീടു നിര്‍മാണം തുടങ്ങിയവര്‍
സര്‍ക്കാരിനു പണം കൊടുക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. അവര്‍ നേരിട്ടു നിര്‍മിക്കുമെന്നാണ് അറിയിച്ചത്. അത്തരമൊരു സംഘടയാണ് സേവാഭാരതി. അവര്‍ പുറ്റാട് 50 വീടിനുള്ള സ്ഥലം കണ്ടെത്തി നിര്‍മാണവുമായി മുന്നോട്ടു പോകുന്നു. ഫിലോകാലിയ ഫൗണ്ടേഷന്‍ 40 വീടുകളില്‍ 25 എണ്ണത്തിന്റെ നിര്‍മാണം ആരംഭിച്ചു. ചെറുകിട ക്വാറി അസോസിയേഷന്‍ 10 വീടുകളില്‍ അഞ്ചെണ്ണത്തിന്റെയും തുരുത്തിപ്പുറം ഗ്രാമം ഒരു വീടിന്റെയും പീപ്പിള്‍സ് ഫൗണ്ടേഷന്‍ 30 വീടിന്റെയും മുജാഹിദ് വിഭാഗങ്ങള്‍ 40 വീടുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി നിര്‍മാണം പുരോഗമിക്കുന്നു. സിഎസ്‌ഐ 13 വീടുകള്‍ നിര്‍മിക്കുമെന്ന് അറിയിച്ചു. അവരും സ്ഥലം കണ്ടെത്തി നിര്‍മാണത്തിലേക്കുപോയി. പെന്തക്കോസ്ത് സഭ 11 വീടുകള്‍, ജമിയഅത്ത് അല്‍ ഉലമ 12 വീടുകളില ഏഴെണ്ണത്തിന്റെയും നിര്‍മാണം തുടങ്ങി.
തമിഴ്‌നാട് മുസ്ലിം ജമാഅത്ത് 14 വീടുകള്‍ നിര്‍മിച്ചു നല്‍കി. മറ്റു സ്വതന്ത്ര സംഘടനകളെല്ലാം ചേര്‍ന്ന് 20 വീടുകള്‍ നല്‍കാമെന്നു പറഞ്ഞതില്‍ 5 വീട് പൂര്‍ത്തിയാക്കി. എറണാകുളം മുസ്ലിം മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 22 വീടുകളുടെ സ്ഥലം കണ്ടെത്തി. മുസ്ലിം ലീഗ് 100 വീടുകള്‍ക്കു സ്ഥലം കണ്ടെത്തി. ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് 100 വീടുകളാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, സ്ഥലം കണ്ടെത്താനോ നിര്‍മാണത്തിലേക്കു പോകാനോ കഴിഞ്ഞില്ല. അതില്‍ ഉള്‍പ്പെടുന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ വീടുകള്‍. ഈ സംഘടനകള്‍ക്കെല്ലാം പറ്റുന്ന കാര്യം കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും കഴിയാതെ പോയതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. ഇതിനിടയിലാണ് ഇവര്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാരിനു കത്തു നല്‍കിയില്ലെന്ന വിവരവും പുറത്തുവന്നത്. കോണ്‍ഗ്രസ് നാലുകോടിയോളം രൂപയാണ് കണ്ടെത്തിയത്. രാഹുല്‍ ഗാന്ധിയുടെയടക്കം സഹായം ലഭിച്ചതിനു ശേഷമേ ഭൂമി കണ്ടെത്തലടക്കം മുന്നോട്ടു പോകാന്‍ കഴിയൂ.
എന്നാല്‍, മീന്‍വിറ്റും പായസമുണ്ടാക്കിയും സമാഹരിച്ച പണം അക്കൗണ്ടിലുണ്ടെന്നും വീടു നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകള്‍ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
വയനാട്ടില്‍ വീടുനിര്‍മിക്കാന്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് അപേക്ഷ നല്‍കി. പക്ഷെ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ല. സ്വന്തമായി ഭൂമി കണ്ടെത്തി കൊടുക്കാമെന്നും അത് ഏറ്റെടുത്ത് നല്‍കണമെന്ന് അറിയിച്ചിട്ടും ഉണ്ടായില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിരിഞ്ഞുകിട്ടിയ 750 കോടിക്ക് മേല്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്നും പിരിച്ച പണം വകമാറ്റിയെന്ന് തെളിയിച്ചാല്‍ താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്നും രാഹുല്‍ പറഞ്ഞു.