ഹൃദയാഘാതം എന്ന് നുണ പറഞ്ഞു, ഒടുവിൽ മകളെ കൊലപ്പെടുത്തിയെന്ന് അച്ഛൻ്റെ കുറ്റസമ്മതം

കേരളത്തെ വീണ്ടും ഞെട്ടിച്ച് ഒരു ക്രൂര കൊലപാതകം. ആലപ്പുഴ ഓമനപ്പുഴയിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിൽ. ഭർത്താവുമായി പിണങ്ങിയ ജാസ്മിൻ കഴിഞ്ഞ കുറച്ചുകാലമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്.
ഇന്നലെ (ചൊവ്വ) രാത്രി വീട്ടിൽ അനക്കമറ്റ നിലയിൽ എയ്ഞ്ചലിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കും എന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നുമായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ നാട്ടുകാർ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടു. കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ട പൊലീസും ഇക്കാര്യം ഡോക്ടർമാരോട് സൂചിപ്പിച്ചു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം എന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്മോൻ കൊലപാതകക്കുറ്റം സമ്മതിച്ചത്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.