നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു.
നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു.

നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന ചില പരാമര്‍ശങ്ങള്‍ തിരിച്ചടിയായിട്ടുണ്ടെന്നും എം വി ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സമിതി തുടരുകയാണ്.