Breaking NewsKeralaLead NewsNEWSpoliticsSocial MediaTRENDING

ചില കാര്യങ്ങള്‍ പറയാതെവയ്യ; ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് എം. സ്വരാജ്; ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ നടത്തിയത് കള്ള പ്രചാരണം; ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്ക് എതിരേ സംഘടിതമായ ആക്രമണമെന്നും സ്വരാജ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തനിക്കും ഇടതുപക്ഷത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. സ്ഥാനാര്‍ഥിയായി വന്നതുമുതല്‍ തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണമെന്ന് സ്വരാജ് പറഞ്ഞു.

കേരളം ആദരവോടെ കാണുന്ന, 90 വയസായ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ.ആര്‍. മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അവരെ അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തു. അധിക്ഷേപങ്ങള്‍ കേട്ടാല്‍ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാല്‍ സാംസ്‌കാരിക രംഗത്തുള്ള മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിലമ്പൂരില്‍ വന്നു. മറ്റൊരാള്‍ റോഡ്‌ഷോയിലും പങ്കെടുത്തു. പക്ഷേ അവര്‍ക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല.

Signature-ad

യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആ നിലപാടെടുക്കുന്നതിനെ തെറ്റുപറയാനാകില്ല. എന്നാല്‍ ആരെങ്കിലും ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ ആക്ഷേപിക്കും എന്നതാണ് നില. ഏതെങ്കിലും ഇടത് വിരുദ്ധര്‍ക്കെതിരെ ന്യായമായ വിമര്‍ശനം ഉയര്‍ത്തിയാല്‍ സൈബര്‍ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെയൊന്നും ഇവിടെ കാണുന്നില്ല. ഇതിലൊക്കെ നിലപാട് പറയേണ്ടവര്‍ നിശബ്ദത പാലിച്ച് സ്വയം അടയാളപ്പെടുത്തുണ്ടെന്നും സ്വരാജ് പറഞ്ഞു.

ഏതൊരാള്‍ക്കും നിര്‍ഭയം നിലപാട് പറയാനാകണം. പക്ഷേ ഇപ്പോള്‍ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്കുനേരെയും ആക്രമണമുണ്ടായി. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ ഏറ്റുവാങ്ങി പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ അധിക്ഷേപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാള്‍ മാധ്യമപ്രവര്‍ത്തകനാണ്. പിണറായി വിജയന്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുന്ന ദിവസമേ ഇനി കേരളത്തില്‍ കാലുകുത്തൂ എന്ന് പ്രഖ്യാപിച്ചയാളാണ് ഇദ്ദേഹം. വര്‍ഷങ്ങളായി ഇങ്ങനെ കാത്തിരിക്കുന്ന മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.

ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ഏത് തരംതാണ മാര്‍ഗങ്ങളും സ്വീകരിക്കും. ഇതിനേക്കാളേറെ ആക്രമണങ്ങളെ നേരിട്ടാണ് ഓരോ ഇടതുപക്ഷ പ്രവര്‍ത്തകരും മുന്നോട്ടുപോയിട്ടുള്ളത്. നിങ്ങളുടെ ആക്രമണങ്ങളും പരിഹാസങ്ങളും കേട്ട് ഞാന്‍ പേടിച്ചുപോകുമോ എന്ന് നോക്കുക, ഇനി പേടിച്ചുപോയാലോ.. ഏതായാലും കൂടുതല്‍ കരുത്തോടെ ആക്രമണം തുടരുക, ഒരു ഇടവേളയും കൊടുക്കാതെ അത്തരം ആക്രമണങ്ങളെ സ്വാഗതം ചെയ്യുന്നു.- സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: