Breaking NewsIndiaLead NewsLIFENEWSNewsthen Specialpolitics

കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍

വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്.

ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു.
അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു.

പെരുകുന്ന ആത്മഹത്യകള്‍

Signature-ad

2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മരണങ്ങളില്‍ 22,193 എണ്ണം സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്.

നഷ്ടപരിഹാരത്തിലെ കാലതാമസത്തെക്കുറിച്ചും സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷ നിരയിലെ കോണ്‍ഗ്രസ് എംഎല്‍സിമാരായ പ്രദ്‌ന്യ രാജീവ് സതവ്, സതേജ് പാട്ടീല്‍, ഭായ് ജഗ്താപ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കിയത്.

യവത്മാല്‍, അമരാവതി, അകോള, ബുല്‍ദാന, വാഷിം തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകള്‍ വളരെക്കാലമായി മഹാരാഷ്ട്രയുടെ കാര്‍ഷിക പ്രതിസന്ധിയുടെ പ്രഭവകേന്ദ്രമാണ്. പതിറ്റാണ്ടുകളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണാതെ കര്‍ഷകരെ മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ്. നിരവധി പഠനങ്ങളും രാഷ്ട്രീയ പ്രസ്താവനകളും ആവര്‍ത്തിക്കുന്നു എങ്കിലും അവ കര്‍ഷകരില്‍ എത്താറില്ല.

പടിഞ്ഞാറന്‍ വിദര്‍ഭ – യവത്മാല്‍, അമരാവതി, അകോള, ബുല്‍ദാന, വസീം എന്നിവിടങ്ങളില്‍ 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 257 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും അതില്‍ 76 കര്‍ഷക കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചുവെന്നും 74 അപേക്ഷകള്‍ അസാധുവാക്കിയെന്നും മക്രന്ദ് പാട്ടീല്‍ വെളിപ്പെടുത്തി.

മറാത്ത്വാഡയിലെ ഹിംഗോളി ജില്ലയില്‍ മാത്രം 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ 24 കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്നത് 6000 രൂപയും കൗണ്‍സലിംഗും. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 6000 രൂപ വീതം അനുവദിച്ചു. ഇവരില്‍ തന്നെ അതി ദരിദ്രരായ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 6000 രൂപ സംഭാവന നല്‍കുകയും ചെയ്യുന്നു എന്നുമാണ് വിശദീകരണം.

പതിറ്റാണ്ടുകളായി മാറിവരുന്ന സര്‍ക്കാരുകള്‍ തുടരുന്ന അവഗണനയുടെയും കെടുകാര്യസ്തതകളുടെയും ഫലം ഏറ്റുവാങ്ങുകയാണ് കര്‍ഷകര്‍. പരിഹാരമായി വിഷാദരോഗികളും ദുരിതമനുഭവിക്കുന്നവരുമായ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാനസിക കൗണ്‍സിലിംഗ് സെഷനുകള്‍ നടത്തുന്നതായി മന്ത്രി സഭയില്‍ അവകാശപ്പെട്ടു. ഇതുവഴി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായി പറയുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: