ഗവര്‍ണറോട് അനാദരവ്, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി മോഹനന്‍ കുന്നുമ്മല്‍; കീറക്കടലാസിന്റെ വിലയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടുക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍, റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി.
ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ റജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

യൂണിവേഴ്സിറ്റി നിയമപ്രകാരം ഹാളില്‍ മതപരമായ പ്രാര്‍ഥനകളും പ്രസംഗങ്ങളും മാത്രമാണ് നിരോധിച്ചിട്ടുള്ളതെന്നും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ യൂണിവേഴ്സിറ്റി ചട്ടത്തില്‍ വ്യവസ്ഥ ഇല്ലെന്നും വിസി രാജ്ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് റജിസ്ട്രാര്‍ പ്രവര്‍ത്തിച്ചത്. റജിസ്ട്രാര്‍, സെക്യൂരിറ്റി ഓഫിസര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എന്നിവരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏതു മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല.
വേദിയില്‍ സന്നിഹിതനായിരുന്നിട്ടും റജിസ്ട്രാര്‍ക്ക് താന്‍ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും വിസിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദേശീയഗാനം ആലപിക്കുമ്പോഴും ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമായിരുന്നു. ഇത് സര്‍വകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും വിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, വിസിക്ക് ഇതിനുള്ള അധികാരമില്ലെന്നും വെറും കീറക്കടലാസിന്റെ വിലയാണ് ഉത്തരവിനുള്ളതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.