ചുറ്റും പാപ്പരാസികള്‍; ശരീരത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൊത്തിപ്പിടിച്ച് ഖുഷി മുഖര്‍ജി; ‘ഇഷ്ട വസ്ത്രം ധരിക്കാന്‍ അവകാശം; ഹോളിവുഡ് നടിമാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം എനിക്ക്’

ബോളിവുഡ് റിയാലിറ്റി ഷോ താരം ഖുഷി മുഖർജിയാണ് ഇപ്പോള്‍ സൈബറിടത്തെ വൈറൽ താരം. വിവാദവേഷത്തില്‍ റോഡിലൂടെ നടക്കുന്ന ഖുഷി മുഖർജിയുടെ വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശരീരഭാഗം മുഴുവൻ വെളിപ്പെടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ഖുഷിയുടെ പിന്നാലെ പാപ്പരാസികൾ കൂടി. ഇതോടെ കൈകൾ കൊണ്ട് ശരീരത്തിന്റെ മുൻഭാഗവും പിൻഭാഗവും പൊത്തിപ്പിടിച്ചുകൊണ്ട് നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ഖുഷിയെ ആണ് വിഡിയോയിൽ കാണാൻ കഴിഞ്ഞത്.
ഇതേതുടർന്ന് നടിക്കു നേരെ വലിയ വിമർശനവും ഉണ്ടായി. എന്നാൽ തന്‍റെ വസ്ത്രധാരണത്തെ ന്യായീകരിച്ച് താരം രംഗത്ത് എത്തി. ഹോളിവുഡ് നടിമാരുടെയും മോഡലുകളുടെയും ഫാഷനാണ് താൻ പിന്തുടരുന്നതെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും ഖുഷി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എന്നാൽ ഖുഷിയുടെ ന്യായീകരണ പോസ്റ്റിനും നിരവധിപേർ വിമർശനവുമായി എത്തി.

കുറിപ്പ്
‘ഇതുവരെ ഞാൻ നിശബ്ദയായി ഇരിക്കാൻ ആഗ്രഹിക്കുകയായിരുന്നു. എന്നാൽ എല്ലാവരുടെയും വിരലുകൾ എന്റെ നേർക്ക് നീളുന്നത് ഞാൻ കണ്ടു. നിങ്ങളിൽ പലരും എന്നെ പിന്തുണച്ചിട്ടുണ്ടെന്ന് ഞാൻ മറക്കുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ഒരാളെ അധിക്ഷേപിക്കാനും ട്രോൾ ചെയ്യാനും വളരെ എളുപ്പമാണ്. ഇതൊക്കെ ഒരു ഫാഷനാണോ, ഇതൊരു മോശം പ്രവണതയല്ലേ എന്ന് എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്.
എനിക്ക് പറയാനുള്ളത് ഇതൊരു ഫാഷൻ സ്റ്റേറ്റ്‌മെൻ്റ് ആണ്. ഞാനൊരു ധൈര്യശാലിയായ വ്യക്തിയാണ്. വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങൾ എടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ചിലപ്പോൾ നല്ലതായിരിക്കും ചിലപ്പോൾ പരാജയപ്പെടും, പക്ഷേ എനിക്കിഷ്ടമുള്ളത് ധരിച്ചതിന് ഞാൻ ഖേദിക്കുന്നില്ല. എന്‍റെ എല്ലാ വസ്ത്രങ്ങളും ഹോളിവുഡ് നടിമാരിൽ നിന്നും/ ഇൻഫ്ലുവൻസർമാരിൽ നിന്നും അല്ലെങ്കിൽ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.ഞാനൊരു ജനാധിപത്യ രാജ്യത്താണ് താമസിക്കുന്നത്. ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്താൻ താലിബാൻ ഭരിക്കുന്ന രാജ്യമല്ലിത്. എനിക്ക് ഹോളിവുഡ് മോഡലുകളുടെ ശരീരഘടനയില്ലായിരിക്കാം എന്നുകരുതി എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. നിങ്ങളുടെ നിറമോ ശരീരഘടനയോ രൂപഭംഗിയോ ഒന്നും പ്രശ്നമല്ല നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കുക ഇഷ്ടമുള്ളത് ചെയ്യുക എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.’–ഖുഷി മുഖർജിയുടെ വാക്കുകൾ.