
മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ വിസ്മയയും സിനിമയിൽ എത്തുന്നത്.

‘പ്രിയപ്പെട്ട മായക്കുട്ടി ‘തുടക്കം’ സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്‍റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു.
ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.