KeralaNEWS

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറും ആയിരുന്നു. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ നിധിന്‍ അഗര്‍വാളിനും സാധ്യത കല്‍പ്പിച്ചിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സര്‍ക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്.

Signature-ad

സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവില്‍ ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തില്‍ ചന്ദ്രശേഖര്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കില്‍ നാളെയോ മറ്റന്നാളോ ആകും ചുമതലയേറ്റെടുക്കുക.

ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി റവാഡ ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

2008ലാണ് റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര സര്‍വീസിലേക്ക് മടങ്ങിയത്. കേന്ദ്രത്തില്‍ ആയിരിക്കുമ്പോഴും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി റവാഡ ചന്ദ്രശേഖര്‍ ബന്ധം പുലര്‍ത്തിയിരുന്നു. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സര്‍വീസ്. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് സര്‍വീസ് കാലാവധി നീട്ടി നല്‍കാനാകും.

Back to top button
error: