
ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും (ഐഎസ്എ) ഐഡിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

അടുത്തിടെ ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയുമാണ് അല്‍ ഇസ. ഗാസ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേല്‍ സേന പറഞ്ഞു.
ഹമാസിന്റെ സഹസ്ഥാപകനും സൈനികവിഭാഗം തലവനുമായാണ് ഇസ അല്‍ ഇസയെ വിശേഷിപ്പിക്കുന്നത്. ഹമാസിന്റെ അഡ്മിനിസ്ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചു. ഐഡിഎഫ് നല്‍കുന്ന വിവരമനുസരിച്ച്, ഗാസയില്‍ അവശേഷിക്കുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ അവസാനത്തെ വ്യക്തിയാണ് അല്‍ ഇസ.