KeralaNEWS

‘രോഗികള്‍ ശസ്ത്രക്രിയ കാത്തിരിക്കുന്നു, ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ്’; വെളിപ്പെടുത്തലില്‍ ഉറച്ച് ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി ഡോ. ഹാരിസ് ചിറക്കല്‍. പോസ്റ്റില്‍ രാഷ്ട്രീയമില്ല. പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും ഡോ. ഹാരിസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപകരണങ്ങളുടെ അഭാവം മൂലം ഇപ്പോഴും നിരവധിപേര്‍ ശസ്ത്രക്രിയകാത്തിരിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നു.

ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല. മന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കാന്‍ മാത്രം ബന്ധങ്ങള്‍ തനിക്കില്ല. എന്നാല്‍ തന്റെ മേലധികാരികളെ വിഷയങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ അധികൃതരെ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ പിഎസിനെയും നേരിട്ട് കണ്ട് വിവരം അറിയിച്ചിരുന്നു. പരിഹരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഒപ്പമായിരുന്നു ആരോഗ്യ മന്ത്രിയുടെ പി എസിനെ കണ്ടത്. എന്നാല്‍ പിന്നീട് ഒരു പരിശോധനയും ഉണ്ടായിട്ടില്ല.

Signature-ad

ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളു. എന്നാല്‍ ഇതിന് മുന്‍പുള്ള പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായി സംശയമുണ്ട്. വിവരങ്ങള്‍ ഉന്നതങ്ങളിലേക്ക് അറിയിക്കാതെ വെള്ള പൂശുന്നതാണെന്ന് സംശയിക്കണം. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രശ്നങ്ങളുണ്ട്. യൂറോളജിയില്‍ മാത്രമല്ല പ്രശ്നങ്ങള്‍. അതിനെ കുറിച്ച് അറിയാം. എന്നാല്‍ പലപ്പോഴും ഭയം മൂലമായിരിക്കാം പുറത്ത് പറയാതിരുന്നത്.

തുറന്നു പറയുന്നതില്‍ ഭയമില്ല. ആശുപത്രിയിലെ മേലധികാരികള്‍ സര്‍ക്കാരിനെ ഒന്നും അറിയിക്കുന്നില്ലെന്നാണ് കരുതേണ്ടത്. സത്യം പറഞ്ഞ ശേഷം ഒളിച്ചിരിക്കാനില്ല, അതുകൊണ്ടാണ് ഇന്നും മാധ്യമങ്ങളെ കാണുന്നത്. രോഗികളോടുള്ള കടപ്പാടാണ് തുറന്നു പറച്ചിലിന് പിന്നില്‍ എന്നും ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങളുണ്ട്, എന്നാല്‍ അനുബന്ധ ഉപകരണങ്ങളില്ല എന്നതാണ് പ്രശ്നം. യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ കാത്ത് നിരവധി പേര്‍ ഇപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍ ഉണ്ട്. ഓഗസ്റ്റ് അവസാനം വെര ഇത്തരത്തില്‍ ആളുകള്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നുണ്ടെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. രോഗികളാണ് പലപ്പോഴും ശത്രക്രിയ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത്. അടിസ്ഥാന പരമായി ചികിത്സ നല്‍കാന്‍ ഉപകരണങ്ങള്‍ അത്യാവശ്യമാണ്. ഇതിന് വേണ്ട നടപടികള്‍ ആണ് ഉണ്ടാകേണ്ടത്. എന്നാല്‍ നടപടികള്‍ ഇഴയുകയാണ് എന്നാണ് ചൂണ്ടിക്കാട്ടിയത് എന്നും ഡോ. ഹാരിസ് പറയുന്നു. ഇപ്പോഴത്തെ തുറന്നു പറച്ചിലില്‍ ഏത് അന്വേഷണം വന്നാലും ഭയമില്ല. വിശദീകരണം ആവശ്യപ്പെട്ടാല്‍ കൃത്യമായി മറുപടി നല്‍കും എന്നും ഡോ. ഹാരിസ് വ്യക്തമാക്കുന്നു.

Back to top button
error: