Breaking NewsKeralaLead NewsLIFENEWSNewsthen Specialpolitics

വി.ഡി. സതീശന്‍ ‘നീരീക്ഷണകാലം’ ഒരുക്കിയത് അറിഞ്ഞില്ല; വാവിട്ട വാക്കുകള്‍ വിനയായി; പിണറായിസവും സതീശനിസവും പാളി; രാഷ്ട്രീയമായി മണ്ണു നഷ്ടപ്പെട്ട് നിലമ്പൂരിലെ ഒറ്റയാന്‍; അന്‍വറിനെ കാത്തിരിക്കുന്നത് മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ വി.ഡി. സെല്‍വരാജിന്റെ വിധിയോ?

ഷൗക്കത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ അന്‍വറിന്റെ ലക്ഷ്യവും രണ്ടെണ്ണമായി. ഒന്ന് ആര്യാടന്‍ ഷൗക്കത്തിനെ വെട്ടുക. രണ്ട്- യുഡിഎഫ് പ്രവേശനം. താന്‍ എംഎല്‍എ ആയിരുന്നയിടത്തേക്ക് ഷൗക്കത്ത് എത്തുന്നതു ബദ്ധവൈരിയായ അന്‍വറിന് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു

തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പ്രവേശനമെന്ന സ്വപ്‌നം തകര്‍ന്നതോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ അന്‍വര്‍. സ്വന്തം കൈയിലിരുന്ന സീറ്റ് യുഡിഎഫിനു സമ്മാനിച്ചവന്‍ എന്ന പരിഹാസം ഇടതു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് എല്‍ഡിഎഫില്‍ നിന്ന് പുറത്തു വരുമ്പോള്‍, ഇത്ര പ്രയാസകരമാകും യുഡിഎഫ് പ്രദേശനമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല അന്‍വര്‍.

ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്. എന്നാല്‍, തൃണമൂലിന്റെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ആദ്യം ഈ നീക്കം വെട്ടിയതോടെ നിലയില്ലാക്കയത്തിലേക്കാണെന്നു രഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.

Signature-ad

തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജിക്കുശേഷം ഒറ്റയാനായി കരുത്തുകാട്ടി പി.വി. നിരവധി യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും പിന്നീട് ആളുകുറയുന്ന കാഴ്ചയാണു കണ്ടത്. ഇടയ്ക്കു തിരുവമ്പാടിയില്‍ നടത്തിയ യോഗത്തില്‍ വളരെക്കുറച്ച് ആളുകളാണു പങ്കെടുത്തത്.

ഇതിനിടെ അന്‍വര്‍ യുഡിഎഫിലെ നിരവധി നേതാക്കളുമായും ചര്‍ച്ച നടത്തി.കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) എന്നിവയും ഇതിലുള്‍പ്പെടും. സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണുമായിട്ടായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ച. തൃണമൂല്‍ വിടുകയാണെങ്കില്‍ മാത്രം യുഡിഎഫില്‍ ഒരു സ്ഥാനമുണ്ടാകുമെന്ന ഉറപ്പാണ് ജോണ്‍ നല്‍കിയത്. പിന്നീടു പാണക്കാടു തങ്ങളുമായും കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ച നടത്തി. പക്ഷേ, വാക്കുകളിലെ സംയമനമില്ലായ്മ നന്നായി അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരുതലെടുത്തു. അന്‍വര്‍ പോലും അറിയാതെ വി.ഡി. സതീശന്‍ ഒരു പരീക്ഷണകാലം ഏര്‍പ്പെടുത്തി. അതേ വഴിയിലാണ് യുഡിഎഫും അന്‍വറിനെ പരീഷിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പോലെ അനുയോജ്യമായ സമയം ഇനിയുണ്ടാകില്ലെന്ന് അന്‍വറിനും അറിയാമായിരുന്നു. പക്ഷെ, പ്രവേശനം വൈകിക്കുന്നതിനു പിന്നിലൊരു കെണിയുണ്ടെന്ന് അന്‍വര്‍ അറിഞ്ഞില്ല.

ഷൗക്കത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ അന്‍വറിന്റെ ലക്ഷ്യവും രണ്ടെണ്ണമായി. ഒന്ന് ആര്യാടന്‍ ഷൗക്കത്തിനെ വെട്ടുക. രണ്ട്- യുഡിഎഫ് പ്രവേശനം. താന്‍ എംഎല്‍എ ആയിരുന്നയിടത്തേക്ക് ഷൗക്കത്ത് എത്തുന്നതു ബദ്ധവൈരിയായ അന്‍വറിന് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. മുന്നണി പ്രവേശനത്തിനു തടസം വി.ഡി. സതീശനെന്നു വിചാരിച്ച് അന്‍വര്‍ അദ്ദേഹത്തിനെതിരേയും തിരിഞ്ഞു. പിണറായി വിജയന്റെ തീരുമാനം നടപ്പിലാക്കലാണ് സതീശന്റെ പണിയെന്നും 2026 ല്‍ സതീശന്‍ നയിച്ചാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തില്ലെന്ന് പോലും പറഞ്ഞു. വിഭജന രാഷ്ട്രീയവും ഇടയ്ക്ക് അന്‍വര്‍ പയറ്റി. കെ. സുധാകരനെയും രമേശ് ചെന്നിത്തലയെയും മുസ്ലീം ലീഗിനെയും മോശമായി ഒരക്ഷരം പറയാതെയായിരുന്നു ആ വിഭജനതന്ത്രം. എല്ലാത്തിനും കാരണക്കാരന്‍ സതീശനെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചാല്‍ ഏത് ഡിമാന്‍ഡും യു ഡി എഫ് അംഗീകരിക്കുമെന്ന കണക്കു കൂട്ടലായിരുന്നു അന്‍വറിന്, അതു വഴി താന്‍ ആഗ്രഹിച്ചത് നേടിയെടുക്കാമെന്നും അന്‍വര്‍ മോഹിച്ചു. അന്‍വറിസത്തിന്റെ മുന ഒടിക്കാന്‍, അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് വി.ഡി. സതീശന് അറിയാമായിരുന്നു, അന്‍വര്‍ വിള്ളല്‍ വീഴ്ത്തുക എല്‍ഡിഎഫ് വോട്ടുകളിലായിരിക്കുമെന്ന യുഡിഎഫ് ബോധ്യവും ശരിയായി. 19,760 വോട്ടുകള്‍ നേടി അന്‍വര്‍ നിലമ്പൂരില്‍ ശക്തി തെളിയിച്ചു. പക്ഷേ, അന്‍വറിന്റെ ലക്ഷ്യങ്ങളെല്ലാം പരാജയപ്പെട്ടു. യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമായി. അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നു തെരഞ്ഞെടുപ്പിന് ഇടയില്‍തന്നെ സതീശന്‍ പ്രഖ്യാപിച്ചു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നിലപാട് ആവര്‍ത്തിച്ചത്. ഫോണ്‍ വിളിക്കുമ്പോള്‍ അതു റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നാണു സതീശന്‍ ചോദിച്ചത്. ഇടയ്ക്കു രാഹുല്‍ മാങ്കൂട്ടത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതിനെതിരേയും അതുവരയില്ലാത്ത മൂര്‍ച്ചയിലാണ് സതീശന്‍ വിമര്‍ശിച്ചത്.

ഭീഷണിപ്പെടുത്തിയുള്ള അന്‍വറിന്റെ മുന്നണി പ്രവേശന ശ്രമങ്ങള്‍ക്ക് ശേഷമുള്ള ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങള്‍ക്ക് തല്‍ക്കാലം ചെവി കൊടുക്കാന്‍ യുഡിഎഫില്ല. മധ്യസ്ഥത വഹിക്കാനില്ലെന്ന മുസ്ലീം ലീഗ് നിലപാടും അന്‍വറിന്റെ മുന്നില്‍ യുഡിഎഫിന്റെ വാതിലടയുമെന്ന സൂചനയാണ്. പോരാട്ടത്തിനിറങ്ങി പോര്‍ക്കളത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷനാവുന്ന നിലയിലേക്ക് അന്‍വര്‍ മാറുന്നുയെന്നതാണ് യഥാര്‍ത്ഥ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 2500 വോട്ടെന്ന നേരിയ ഭൂരിപക്ഷം 2026ല്‍ തോല്‍വിയായി മാറുമെന്ന് തിരിച്ചറിഞ്ഞാണ് അന്‍വര്‍ കലാപമുണ്ടാക്കി പുറത്തു ചാടിയത്. യുഡിഎഫില്‍ എത്തുകയാണ് സുരക്ഷിതമെന്നും മനസിലാക്കി. ഷൗക്കത്ത് ജയിച്ച സാഹചര്യത്തില്‍ താന്‍ ഒറ്റയാനായി വാണ നിലമ്പൂര്‍ എന്ന മണ്ഡലം തന്നെ അന്‍വറിനു മറക്കേണ്ടിവരും. കൈയിലിരുന്നതു പോകുകയും ഉത്തരത്തിലിരുന്നത് കിട്ടാത്തതുമായ അവസ്ഥ.

മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചു പുറത്തുപോയതുപോലെയാണ് അന്‍വറിന്റെ അവസ്ഥ. ശെല്‍വരാജിനു യുഡിഎഫ് പിന്തുണ നല്‍കിയിട്ടും പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് അപ്രസക്തനായി. അന്‍വറിനെ കാത്തിരിക്കുന്നതും സമാനമായ സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടുന്നു. അന്‍വറിനു സാമ്പത്തിക സ്രോതസുണ്ടെങ്കിലും അതുമാത്രം മതിയാകില്ല മുന്നണികള്‍ക്കും ജാതി-മത സംഘടനകള്‍ക്കും ഇടയില്‍ കൂടിക്കൂഴഞ്ഞു കിടക്കുന്ന കേരളത്തില്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കാന്‍.

Back to top button
error: