വര്‍ഷം 2000 കോടി; സ്വകാര്യ ജെറ്റ്; പ്രത്യേക സുരക്ഷ; ക്രിസ്റ്റിയാനോയെ നിലനിര്‍ത്താന്‍ പൊന്നുംവില; സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റുമായി കരാര്‍ പുതുക്കി; 35 ദശലക്ഷം പൗണ്ട് മൂല്യമുള്ള ക്ലബ് ഓഹരിയും താരത്തിനു സ്വന്തം

റിയാദ്: സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാർ പുതുക്കിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. 2 വർഷത്തേക്കുകൂടിയാണ് പോർച്ചുഗീസ് താരം കരാര്‍ പുതുക്കിയത്. 2022 ലാണ് താരം സൗദി ക്ലബ്ബിലെത്തുന്നത്. കരാര്‍ പുതുക്കിയതോടെ 2027 വരെ താരം ക്ലബ്ബില്‍ തുടരും.
ടോക്‌സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, അൽ നസ്റുമായി കരാർ പുതുക്കിയ റൊണാൾഡോയ്ക്ക് പ്രതിവര്‍ഷം ലഭിക്കുക 178 മില്ല്യണ്‍ പൗണ്ട് അഥവാ 2000 കോടി രൂപയാണ്. കഴിഞ്ഞിട്ടില്ല, പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൈനിങ് ബോണസായി 24.5 മില്യൺ പൗണ്ട് ആദ്യം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരും. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ടാകും. 33 മില്ല്യണ്‍ പൗണ്ടാണ് ഇതിന്‍റെ മൂല്യം.

ഇവയ്ക്ക് പുറമേ 4 മില്യൺ വിലമതിക്കുന്ന സ്വകാര്യ ജെറ്റുകളാണ് യാത്രയ്ക്കായി ഒരുക്കുക. ഇതിന്‍റെ ചിലവുകള്‍ ക്ലബ്ബ് വഹിക്കും. വിവിധ ജോലികള്‍ക്കായി 16 പേര്‍ മുഴുവന്‍ സമയവും താരത്തിനൊപ്പം ഉണ്ടാകും. മൂന്ന് ഡ്രൈവര്‍മാരും വീട്ടുജോലികള്‍ക്കായി നാല് പേരും രണ്ട് ഷെഫുമാരും പൂന്തോട്ട പരിപാലനത്തിനായി മൂന്ന് പേരുമുണ്ടാകും. താരത്തിന് പ്രത്യേക സുരക്ഷയും ക്ലബ്ബ് ഒരുക്കും. പ്രതിവർഷം 20 കോടി ഡോളറിനായിരുന്നു ക്രിസ്റ്റ്യാനോയുമായി മുൻപ് ക്ലബ് കരാർ ഒപ്പിട്ടത്.
നേരത്തെ അൽ നസ്‌റുമായുള്ള കരാർ അവസാനിച്ചതോടെ കരിയറിലെ അനിശ്ചിതത്വത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ തുറന്ന് സംസാരിച്ചിരുന്നു. എന്നാൽ, മറ്റൊരു ക്ലബ്ബിലേക്കു പോകാൻ അനുവദിക്കാതെ താരത്തെ അൽ നസ്‌ർ പിടിച്ചുനിര്‍ത്തുകയായിരുന്നു.