
കോട്ടയം: വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് (എം). വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിക്കാതെ പോയി. ചര്‍ച്ചകള്‍ വേഗത്തില്‍ നടന്നതാണ് ഇതിന് കാരണമായതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പറഞ്ഞു.
യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പുറത്താക്കുകായായിരുന്നു. പിന്നാലെ പെട്ടെന്നാണ് പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സാധിക്കാതെ പോയി. അര്‍ഹതപ്പെട്ട പല സീറ്റുകളും പലയിടത്തും ലഭിക്കാതെ പോകുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. നമുക്ക് അര്‍ഹതപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള ചര്‍ച്ചയാകും നടത്തുകയെന്നും ജോസ് കെ മാണി പറഞ്ഞു.

ഇടത് മുന്നണിയേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് ജോസ് കെ മാണി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ കമ്മിറ്റിയെ വെക്കും. തീരദേശ, മലയോര, കാര്‍ഷിക മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകളില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. എല്‍ഡിഎഫില്‍ പാര്‍ട്ടി തൃപ്തരാണ്. യുഡിഎഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയുമില്ല. വരാന്‍ പോകുന്ന തെദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ട്രാറ്റര്‍ജി എങ്ങനെ വേണമെന്ന് പരിശോധിക്കാനും ആലോചിക്കാനാണ് യോഗം വിളിച്ചത്. എല്ലാ കാര്യവും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് രാഷ്ട്രീയസാഹചാര്യം മാറിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അവിടുത്തെ രാഷ്ട്രീയ സഹചര്യം എന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു ഘട്ടത്തിലും എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള സ്ഥലമല്ല നിലമ്പൂര്‍. മണ്ഡലത്തില്‍ വലിയൊരു ഫൈറ്റാണ് ഉണ്ടായത്. കേരള സമൂഹത്തിന്റെ വികാരം എന്താണെന്ന് അറിയാം. നടത്താന്‍ സാധിക്കില്ലെന്ന് കരുതിയ വികസന പദ്ധതികള്‍ പോലും ഇടതുമുന്നണി നടപ്പാക്കാനായി. എല്‍ഡിഎഫില്‍ പൂര്‍ണ ഹാപ്പിയാണെന്ന് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ജോസ് കെ മാണി വ്യക്തമാക്കി.
ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.