അന്‍വറിനെച്ചൊല്ലി ഭിന്നത തുടരുന്നു; യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി

തിരുവനന്തപുരം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അന്‍വറിനെ എടുക്കേണ്ടതില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോണ്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അറിയിച്ചത്. അതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. അന്‍വറിന്റെ സഹായമില്ലാതെയാണ് നിലമ്പൂരില്‍ ജയിച്ചതെന്നും അംഗങ്ങള്‍ പറഞ്ഞു.
തുടര്‍ച്ചയായുള്ള മോദി സ്തുതിയില്‍ പാര്‍ട്ടി എം.പി ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. ജമാ അത്തെ ഇസ്സാമി ബന്ധത്തെ ചൊല്ലിയും യോഗത്തില്‍ ഭിന്നതയുണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മുന്നേറാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. അതിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അതിനുമുന്‍പായി പാര്‍ട്ടി പുനഃസംഘടയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു.