
ന്യൂഡല്‍ഹി: ‘സോഷ്യലിസം , മതേതരത്വം’ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍ നിര്‍ബന്ധിതമായി ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു ഹൊസബലെയുടെ പരാമര്‍ശം.
’50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്ന ‘സോഷ്യലിസം, മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ അക്കാലത്ത് നിര്‍ബന്ധിതമായി ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടതാണ്. ഈ വാക്കുകള്‍ ഇനി അവിടെ വേണോ എന്ന് നമ്മള്‍ ചിന്തിക്കണം. അന്ന് ഇത് ചെയ്ത കോണ്‍ഗ്രസ് ഇതുവരെ ക്ഷമ ചോദിച്ചിട്ടില്ല ‘ – ഹൊസബലെ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ദത്താത്രേയ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.’പണ്ട് ഇത്തരം പദങ്ങള്‍ കൂട്ടിച്ചേര്‍ത്തവര്‍ ഇന്ന് ഭരണഘടന എന്ന് പറഞ്ഞ് നടക്കുകയാണ്. നിങ്ങളുടെ പൂര്‍വികരാണ് അത് ചെയ്തത്. അതിന് നിങ്ങള്‍ രാജ്യത്തോട് ക്ഷമ ചോദിക്കണം ‘ – ഹൊസബലെ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഹൊസബലെ സംസാരിച്ചത്. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ബഹുഭാഷാ സംവാദ സംഘടനയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.