ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് വിദഗ്ധ സംഘം ഉടനെത്തും; വിമാനത്താവളത്തിന് വാടക നല്‍കേണ്ടി വരും, കനത്ത സുരക്ഷയൊരുക്കി സിഐഎസ്എഫ്

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയേക്കും. നിലവില്‍ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സിഐഎസ്എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതര്‍ വാടക നല്‍കേണ്ടിവരുമെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. എത്ര രൂപ നല്‍കേണ്ടിവരുമെന്ന് സര്‍ക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം. ഇന്തോ – പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധ വിമാനം ജൂണ്‍ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് ‘പാസെക്‌സ്’ എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു.വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനം ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് നാവികസേന നേരത്തെ വിസമ്മതിച്ചിരുന്നു.